തിരുവനന്തപുരം: നടി മഞ്ജുവാര്യരെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ചിലര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സംഭവം എത്തിച്ചു. എന്നാല്‍ ചെങ്കല്‍ചൂള കോളനിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. മറുനാടന്‍ മലയാളിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


Dont Miss മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ ആരോഗ്യ വകുപ്പിലെ നിയമനം വിവാദത്തില്‍; യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്ന് ആരോഗ്യവകുപ്പ് 


സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് എല്ലാം ഒതുക്കിത്തീര്‍ത്തതെന്നും മഞ്ജുവിനെ ലൊക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത് ഒരു നടന്റെ ഫാന്‍സ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്നത്.
വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമായ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്നു ഫാന്റം പ്രവീണ്‍.


Also Read ബി.ജെ.പി എം.പിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്ക് ജാമ്യമില്ല 


കഴിഞ്ഞ രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടായിരുന്നു. ഇതിനെ സെറ്റിലുള്ളവര്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ ഇന്നലെ രാത്രി ചിലര്‍ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തിയത്.

നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സിനിമാ ഷൂട്ടിങ് നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നീട് സെറ്റിലുള്ളവര്‍ അനുരജ്ഞനത്തിന് എത്തുകയും പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയുമായിരുന്നു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരെ പോലെ മലയാള സിനിമയിലെ പ്രശസ്ത താരത്തെയും അപമാനിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.