Administrator
Administrator
സജ്ഞീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഭാര്യ
Administrator
Saturday 1st October 2011 10:17am

അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്ത ഐ.പി.എസ് ഓഫീസര്‍ സജ്ഞീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ. ഗുജറാത്ത് ഡി.ജി.പിക്കും അഹമ്മദാബാദ് കമ്മീഷണര്‍ക്കും അയച്ച കത്തിലാണ് ഭട്ടിന്റെ ഭാര്യ ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാന പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും ഭട്ടിന്റെ ഭാര്യ കത്തില്‍ പറയുന്നു.

മോഡിക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്മൂലത്തിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ഥിനെ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. മോഡിക്കെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഭട്ടിനെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചില പ്രധാന ജോലികളുണ്ടെന്നും തന്റെ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 16 ഭട്ട് തന്നെ വിളിച്ചു. അതുപ്രകാരം താന്‍ ഭട്ടിന്റെ വീട്ടിലെത്തിയപ്പോള്‍ ജൂണ്‍ 18ന് അമിക്കസ് ക്യൂറി തെളിവെടുപ്പിനായി വരുമെന്ന് ഭട്ട് പറഞ്ഞു. എസ്.ഐ.ടി ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നെന്ന് അമിക്കസ് ക്യൂറിയോട് പറയണമെന്ന് ഭട്ട് ആവശ്യപ്പെട്ടതായും പന്ഥ് പരാതിയില്‍ പറയുന്നു.

ഭട്ടിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ ഗുജറാത്ത് പോലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഉന്നതതല യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും കലാപത്തെ ധൃതിപിടിച്ച് അടിച്ചമര്‍ത്തേണ്ടെന്ന് മോഡി പറഞ്ഞതായും സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദു വിഭാഗങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കയാണെന്നും അത് അവര്‍ പ്രകടിപ്പിക്കുകയാണെന്നും തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്നും മോഡി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തുവെന്ന് തെറ്റായി സത്യവാങ്മൂലം നല്‍കാന്‍ ഭട്ടിന്റെ കീഴില്‍ ജോലിചെയ്യുന്ന തന്നെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടക്കാട്ടിയാണ് കെ.ഡി. പന്ഥ് പരാതി നല്‍കിയത്.

Advertisement