തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആരോപണവുമായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ചിലര്‍ ആശുപത്രി സൂപ്രണ്ടിനോട് ഫോണില്‍ ആവശ്യപ്പെട്ടെന്നാണ് ശ്രീജിത് പറയുന്നത്.

Subscribe Us:

എന്നാല്‍ മഹിജയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അദ്ദേഹം അറിയിച്ചെന്നും അദ്ദേഹം പറയുന്നു.

തങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുന്നില്ലെങ്കില്‍ പേ വാര്‍ഡിലേക്കു മാറാന്‍ ആവശ്യപ്പെടണമെന്നാണ് സൂപ്രണ്ടിനോട് ചിലര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ തറയില്‍ കിടന്നും സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.


Must Read: കണ്ണൂരില്‍ ആര്‍.എസ്.എസ് സംഘം പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു


ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ ഡി.ജി.പി ഓഫീസിലേക്കു മാര്‍ച്ചു നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. മാര്‍ച്ച് തടഞ്ഞാല്‍ തടയുന്നിടത്ത് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ജിഷ്ണുവിനു നീതിയാവശ്യപ്പെട്ട് സമരം ചെയ്ത കുടുംബത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ആശുപത്രിയില്‍ നിരാഹാര സമരം നടത്തുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

പൊലീസ് നടപടിയില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയിലാണ് മഹിജയിപ്പോള്‍. പൊലീസ് മര്‍ദ്ദനത്തില്‍ മഹിജയുടെ ശരീരത്തില്‍ ചതവുകളുണ്ടായിരുന്നു.

അതിനിടെ ജിഷ്ണുവിന്റെ വളയത്തെ വീട്ടില്‍ സഹോദരിയും നിരാഹാര സമരത്തിലാണ്. അമ്മയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അവിഷ്ണയുടെ സമരം.