Categories

പുസ്തകമിറക്കിയതിന്റെ പേരില്‍ ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ്ക്ക് ഭീഷണി


ഹൈദരാബാദ്: പുസ്തകമിറക്കിയതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണി ഉയരുന്നതായി ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ. ഞായറാഴ്ച മുതല്‍ തന്നെ അപായപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവചിച്ചാല്‍ ‘ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം’ ആയിരിക്കും ഉത്തരവാദികളെന്നും ഐലയ്യ പറഞ്ഞു.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്’ (Samajika smugglurlu komatollu) എന്ന ഐലയ്യയുടെ പുസ്തകത്തെ ചൊല്ലിയാണ് ഭീഷണി ഉയരുന്നത്. ഭീഷണി മുഴക്കുന്നവര്‍ തന്റെ നാവരിയുമെന്ന് പറഞ്ഞതായും കാഞ്ച ഐലയ്യ പറഞ്ഞു. കാഞ്ച ഐലയ്യക്കെതിരെ ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം തലവന്‍ കെ. രാമകൃഷ്ണ ടി.വി ചാനലിലൂടെ രംഗത്തെത്തിയിരുന്നു.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്’ പുസ്തകത്തിന്റെ പേരും മറ്റു ചിലഭാഗങ്ങളും അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് ഐലയ്യക്കെതിരെ പ്രതിഷേധം.

പുസ്തകമിറക്കിയതിന്റെ പേരില്‍ ആര്യ-വൈശ്യ ഇഖ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐലയ്യയുടെ എഴുത്തുകള്‍ വ്യത്യസ്ത ജാതികളെയും ദൈവങ്ങളെയും അപമാനിച്ചതായി സംഘടനയുടെ നേതാവ് കോത്തഗിരി ദൈവദീനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ‘പോസ്റ്റ് ഹിന്ദു ഇന്ത്യ’ എന്ന തന്റെ പുസ്തകത്തിലെ ഒരു ഭാഗത്തിന്റെ തര്‍ജ്ജമയാണ് ‘Samajika smugglurlu komatollu‘ എന്ന് കാഞ്ച ഐലയ്യ പറഞ്ഞു.

Tagged with: