എഡിറ്റര്‍
എഡിറ്റര്‍
ശ്വാസം കിട്ടാതെ പിഞ്ചു കുഞ്ഞുകള്‍ പിടഞ്ഞു വീഴുമ്പോള്‍ നോക്കി നില്‍ക്കുന്ന മോദിയും യോഗിയും; ഗോരഖ്പൂര്‍ ദുരന്തത്തിന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെതിരെ വധഭീഷണി
എഡിറ്റര്‍
Saturday 19th August 2017 12:08am

ഗുവാഹട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിന് വധഭീഷണി. അസം സ്വദേശിയായ നിതുപര്‍ണ രാജ്ബോങ്ഷിക്കെതിരെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഗോരഖ്പൂരില്‍ ശ്വാസം കിട്ടാതെ 70 ല്‍ അധികം കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെയായിരുന്നു അദ്ദേഹം കാര്‍ട്ടൂണില്‍ ആവിഷ്‌കരിച്ചത്. ഇതാണ് ഭീഷണിയ്ക്ക് വഴിയൊരുക്കിയത്.

സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും വധ ഭീഷണികള്‍ നിരന്തരമായതോടെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസില്‍ അഭയം തേടിയിരിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് നിതുപര്‍ണ.

71-മത് സ്വാതന്ത്ര്യദിനത്തിന്റെ അന്നാണ് രാജ്ബോങ്ഷി തന്റെ കാര്‍ട്ടൂണ്‍ ഫെയ്സ്ബുക്കിലും സ്വന്തം വെബ്സൈറ്റിലും പോസ്റ്റ് ചെയ്തത്. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണെന്ന് രാജ്ബോങ്ഷി പറയുന്നു. കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. ദേശീയ പതാകയെ അപമാനിച്ചെന്നും കാര്‍ട്ടൂണിസ്റ്റിനെ വെടിവെച്ച് കൊല്ലണമെന്നുമെല്ലാം പ്രതികരണങ്ങള്‍ വന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കോളുകള്‍ എത്തിയത്.

നിതുപര്‍ണ രാജ്ബോങ്ഷി വരച്ച കാര്‍ട്ടൂണ്‍  

’71-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ കാര്‍ട്ടൂണ്‍ വരച്ചത്. എല്ലാ ദിവസവും ദരിദ്രരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ കുറ്റകൃത്യങ്ങള്‍ നടക്കുകയും ചെയ്യുന്നു. ആരും ഇന്ന് സുരക്ഷിതരല്ല. പക്ഷെ രാജ്യം ദിനം പ്രതി വികസിക്കുകയാണെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതം നരകമായെന്ന് ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്’. നിതുപര്‍ണ രാജ്ബോങ്ഷി പറയുന്നു.

ദേശീയ പതാകയ്ക്ക് പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്സിജന്‍ മോദിയും പശുവും യോഗി ആദിത്യനാഥും ശ്വസിക്കുന്നതും കാര്‍ട്ടൂണില്‍ ഉണ്ടായിരുന്നു. കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് തലപ്പാവ് ആക്കിയിരിക്കുന്ന മോഡിയുടെ സമീപത്ത് സ്വാതന്ത്ര്യദിനാഘോഷം സൂചിപ്പിക്കുന്ന ബലൂണുകളുമുണ്ട്.

Advertisement