ന്യൂദല്‍ഹി: അടുത്ത തലമുറയ്ക്ക് ആറ്റംബോംബിനേക്കാള്‍ ഭീഷണിയാവുക തടാകത്തിലും കുളങ്ങളിലും മണ്ണിലും നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് സഞ്ചികളായിരിക്കുമെന്ന് സുപ്രീംകോടതി. ഒരു പൊതുതാല്‍പര്യ ഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് ജസ്റ്റിസ് ജി.എസ് സിംഗ്‌വി,  എസ്.ജെ മുഘോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കാതിരിക്കുന്നിടത്തോളം സ്ഥിതി അനിയന്ത്രിതമായിരിക്കൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാനാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. വെറ്റിനറി ആശുപത്രികളില്‍ നടന്ന ശസ്ത്രക്രിയകളില്‍ നിന്നും ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയത്. രാജ്യത്തെ പശുക്കളുടെ വയറ്റില്‍ 30-50 കിലോഗ്രാം വരെ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ശ്യാം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

സാധാരണ ആളുകള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണ് ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ മുനിസിപ്പാലിറ്റികളിലെ ചവറ്റുകുട്ടകളില്‍ ഉപേക്ഷിക്കുന്നത്. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ മണംപിടിച്ചെത്തുന്ന പശുക്കള്‍ പ്ലാസ്റ്റിക് ബാഗുകളും അകത്താക്കുന്നു. ഇത് അവരുടെ വയറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഹരജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Malayalam News

Kerala News in English