സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്രദ്വീപില്‍ 400 വര്‍ഷത്തിനുള്ളില്‍ ആദ്യമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെതുടര്‍ന്ന് പ്രദേശത്തു നിന്ന് ആയിരക്കണക്കിനു പേരെ മാറ്റിപാര്‍പ്പിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ വമിച്ച പുകയും ചാരവും 1.500 മീറ്റര്‍ വ്യാപ്തിയില്‍ വ്യാപിച്ചിരിക്കുകയാണ്.

വടക്കന്‍ സുമാത്രയിലെ കാരോ ജില്ലയിലെ സിനബങ് പര്‍വ്വതനിരകളിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അഗ്നിപര്‍വ്വതം ശക്തിയോടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് ലാവയും മറ്റും ശക്തിയായി വമിക്കുകയായിരുന്നു.

സമീപത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ സംഭവസ്ഥലത്തിനിന്നും മാറ്റിപ്പാര്‍പ്പിക്കുകയാണ്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1600ന് ശേഷം ആദ്യമായാണ് സിനബങ് പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. ഇന്തോനേഷ്യയില്‍ 130 സ്‌ഫോടനാത്മക അഗ്നിപര്‍വതങ്ങള്‍ ഉണ്ട്. അതില്‍ 65 എണ്ണം അപകടകാരികളാണെന്നാണ് കണക്ക്.