എഡിറ്റര്‍
എഡിറ്റര്‍
ജയറാം രമേശിനെതിരെയുള്ള പരാതി സര്‍ക്കാരിന്റ അജണ്ട: തോമസ് ഐസക്ക്
എഡിറ്റര്‍
Monday 10th September 2012 1:28pm

കോട്ടയം: കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീയെ പകരം വയ്ക്കാനുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെയുള്ള മന്ത്രി കെ.സി.ജോസഫിന്റെ പരാതിയിലൂടെ പുറത്തുവന്നതെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്.

Ads By Google

സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി നടത്താനും കേരളത്തിന്റെ കുടുംബശ്രീ മാതൃക ഇന്ത്യയിലെമ്പാടും നടത്താനുള്ള നീക്കവുമാണ് കേന്ദ്രമന്ത്രി ജയറാം രമേശ് നടത്തിയത്.

എന്നാല്‍ അടുത്തുതന്നെ വരാന്‍ പോകുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നടത്തിപ്പ് കോണ്‍ഗ്രസിന്റെ സംഘടനയായ ജനശ്രീയെ ഏല്‍പ്പിക്കാനും അതുവഴി അഴിമതി നടത്താനുമുള്ള നീക്കം ജയറാം രമേഷ് അനുവദിക്കാത്തതുമാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കാനുണ്ടായ കാരണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവന്ന  സംവിധാനമാണ് കുടുംബശ്രീ. പാര്‍ട്ടിക്കും മതത്തിനും അതീതമാകാനാണ് ഒരു കുടുംബത്തെയും ഒഴിവാക്കാതെ ഒരു പ്രദേശത്തിന്റെതായി അയല്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കിയത്. അല്ലാതെ എം.എം ഹസന്‍ കോണ്‍ഗ്രസുകാര്‍ക്കായി ഉണ്ടാക്കിയ സംഘടനവഴിയല്ല കേന്ദ്രഫണ്ട് ചെലവഴിക്കേണ്ടതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ മാതൃക ഇന്ത്യ അനുകരിക്കുമ്പോള്‍ അഭിമാനം കൊള്ളേണ്ട മന്ത്രി കെ.സി ജോസഫ് ഭയപ്പാടോടെ പരാതിയുമായി നടക്കുകയാണ്. കുടുംബശ്രി സി.പി.ഐ.എം സംഘടനയാണെന്നാണ് മന്ത്രി അയച്ച പരാതിയില്‍ പറയുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം മുന്‍വിധിയോടെ ഉള്ളതാണ്.  സി.പി.ഐ.എം നേതാക്കളുടെ പങ്ക് ഉറപ്പാക്കണമെന്ന രീതിയിലാണ്  അന്വേഷണ ആവശ്യം ഉന്നയിക്കുന്നതെന്നും ഐസക്ക് കുറ്റപ്പെടുത്തി.

Advertisement