കോഴിക്കോട്: ജി.എസ്.ടി.യുടെ പേരില്‍ വ്യാപാരമേഖലയില്‍ നടക്കുന്ന കൊള്ളയ്ക്ക് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് ധനമന്ത്രി തോമസ് ഐസക്കിന്റെ കത്ത്.

‘ജി.എസ്.ടി. വന്നപ്പോള്‍ മഹാഭൂരിപക്ഷം ഉല്‍പന്നങ്ങളുടെയും നികുതി നിരക്കു കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കുന്നില്ല. പഴയ നികുതി അടക്കമുള്ള വിലകളിന്‍മേല്‍ ജി.എസ്.ടി.യുടെ പേരില്‍ അധികതുക ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപാരികളില്‍ പലരും. ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കുകയാണ്’. എന്ന് തോമസ് ഐസക്ക് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അമിതലാഭ പ്രവണതയെ ചെറുക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് കത്തയച്ചിട്ടുണ്ട്. അമിതലാഭപ്രവണതകള്‍ക്കെതിരായുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും ജി.എസ്.ടിക്ക് മുമ്പും പിന്നീടും വിവിധ ഉല്‍പന്നങ്ങളുടെ നികുതി ഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ വീണ്ടും പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു മാട്രിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ആവര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം