തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഔദ്യോഗികപക്ഷത്തെ കുറ്റപ്പെടുത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി കൈകാര്യം ചെയ്ത രീതിയെയാണ് ഐസക് വിമര്‍ശിച്ചത്.

ടി.പി വധം സംബന്ധിച്ച് സി.പി.ഐ.എം നേതാക്കള്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയാണ് കൊലയ്ക്കു പിന്നിലെന്ന തോന്നലുണ്ടാക്കിയെന്ന് തോമസ് ഐസക് പറഞ്ഞു. ഇതേ പ്രശ്‌നത്തില്‍  പി.കെ ഗുരുദാസനും നേതൃത്വത്തെ വിമര്‍ശിച്ചു.

അതേസമയം ചന്ദ്രശേഖരന്‍ വധത്തിനുശേഷം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. വി.എസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണ്. വി.എസിന്റെ നിലപാട് പാര്‍ട്ടിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ ഒരാള്‍ പോലും വി.എസിന് അനുകൂലമായി സംസാരിച്ചില്ല. എന്നാല്‍ വി.എസിനെതിരെ അച്ചടക്ക ലംഘന നടപടി വേണോയെന്ന കാര്യത്തില്‍ അംഗങ്ങള്‍ അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കട്ടേയെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.

ചന്ദ്രശേഖരന്‍ വധത്തിനുശേഷം സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കുലംകുത്തി പ്രയോഗം തെറ്റായിപ്പോയെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസന്വേഷണത്തെ പരസ്യമായി എതിര്‍ക്കുന്നത് ശരിയല്ലെന്നും യോഗത്തില്‍ വി.എസ് കുറ്റപ്പെടുത്തി.