തിരുവനന്തപുരം: സംസ്ഥാ സര്‍ക്കാറിന് സ്വന്തമായി ലോട്ടറി ഉള്ളസ്ഥിതിക്ക് ഭൂട്ടാന്‍ ലോട്ടറി വില്‍ക്കാന്‍ ധനമന്ത്രി തോമസ് ഐസക് ശ്രമിക്കേണ്ടതില്ലെന്ന് ഉമ്മന്‍ ചാണ്ടി. മറ്റൊരു രാജ്യത്തിന്റെ ഏജന്റായി ഐസക് പ്രവര്‍ത്തിക്കേണ്ടെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ലോട്ടറിവിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഐസക്കിന്റെ പുതിയ വെളിപ്പെടുത്തലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

എന്നാല്‍ ലോട്ടറിമാഫിയകളെ ഒഴിവാക്കാനാണ് താന്‍ അങ്ങിനിയൊരു നിര്‍ദ്ദേശം വച്ചതെന്ന് ധനകാര്യ മന്ത്രി പ്രതികരിച്ചു. കേരള ഭാഗ്യക്കുറി നിരോധിക്കാതെ അന്യസംസ്ഥാന ലോട്ടറിമാഫിയകളെ നിയന്ത്രിക്കാനാവില്ല. എന്നാല്‍ കേരളലോട്ടറി നിരോധിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. ഇടനിലക്കാരെ ഒഴിവാക്കി ലോട്ടറി നടത്തിപ്പിന് ഭൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ നയപരമായ തീരുമാനമെടുക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

സാന്റിയാഗോ മാര്‍ട്ടിനെ ഒഴിവാക്കിയാല്‍ ഭൂട്ടാന്‍ലോട്ടറി നടത്തിപ്പ് കേരളം ഏറ്റെടുക്കുന്നത് പരിഗണിക്കാമെന്ന് നേരത്തേ ധനകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ‘ബിസിനസ് ഭൂട്ടാന്‍’ എന്ന പത്രത്തിനുവേണ്ടിയായിരുന്നു ഐസക് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. മാര്‍ട്ടിന്‍ നല്‍കുന്നതിനേക്കാള്‍ 25 ശതമാനമെങ്കിലും ഭൂട്ടാന്‍ സര്‍ക്കാറിന് കേരളം നല്‍കാമെന്നും എന്നാല്‍ കരാറില്‍ ഇടനിലക്കാരെ അനുവദിക്കില്ലെന്നുമുള്ള വാഗ്ദാനമായിരുന്നു ‘ബിസിനസ് ഭൂട്ടാനി’ ലൂടെ ഐസക് നടത്തിയത്.