കോഴിക്കോട്: നോട്ടുനിരോധനത്തെ നാറാണത്തു ഭ്രാന്തന്റെ മിന്നാലാക്രമണം എന്നു വിശേഷിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ദേശാഭിമാനിയിലെ ലേഖനത്തിലാണ് തോമസ് ഐസക് നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്.


Also Read: നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു


മുതലകളില്‍ നിന്നും മീനുകളെ രക്ഷിക്കാന്‍ കുളംമുഴുവന്‍ വറ്റിക്കുന്ന ഉടമയെപോലെയാണ് കള്ളപ്പണക്കാരെ നശിപ്പിക്കാന്‍ നോട്ടുനിരോധിച്ച മോദിയുടെ നടപടിയെന്നാണ് ലേഖനത്തില്‍ തോമസ് ഐസക് പറയുന്നത്. മുതലകളെപ്പോലെയാണ് കള്ളപ്പണം, കരയിലും വെള്ളത്തിലും ജീവിക്കുമെന്നും അദ്ദേഹം പറയുന്നു.

നോട്ട് അസാധുവാക്കലിലൂടെ നാലഞ്ചുലക്ഷം കോടി രൂപയെങ്കിലും നേട്ടമുണ്ടാകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചത്. നോട്ടുകളെല്ലാം ബാങ്കില്‍ കൊണ്ടുവന്ന് പുതിയവയായി മാറ്റുമ്പോള്‍ കള്ളപ്പണക്കാര്‍ക്ക് ബാങ്കിലെത്താനാകില്ലെന്നും ഇവര്‍ കൈവശമുള്ള നോട്ടുകള്‍ നശിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. നോട്ട് അടിച്ചിറക്കുന്നത് റിസര്‍വ് ബാങ്കായതിനാല്‍ അത് അവരുടെ ബാധ്യതയാണ്. നാലഞ്ചുലക്ഷം കോടി നോട്ടുകള്‍ തിരിച്ചുവന്നില്ലെങ്കില്‍ ബാധ്യത അത്രയും കുറയും. ബാലന്‍സ് ഷീറ്റില്‍ അത്രയും ലാഭമുണ്ടാകും. ഈ തുക കേന്ദ്രസര്‍ക്കാറിനെടുക്കാമെന്ന ധാരണയിലായിരുന്നു നോട്ടുനിരോധനമെന്നും എന്നാല്‍ 99% നോട്ടുകളും തിരിച്ചുവന്നതോടെ ആ തന്ത്രം പാളിയെന്നുമാണ് തോമസ് ഐസക് പറയുന്നത്.

നോട്ടുനിരോധനം കൊണ്ട് പാവപ്പെട്ടവര്‍ക്കാണ് ഏറെ ദുരിതമുണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. നോട്ടുകളില്ലാതായതോടെ കൂലിവേലക്കാര്‍ക്ക് ജോലിയില്ലാതായി. പാവങ്ങളുടെ കൈയില്‍ പണമില്ലാതായതോടെ അവര്‍ക്ക് സാധനങ്ങള്‍ വിറ്റിരുന്ന ചെറുകിട കച്ചവടക്കാരും കൈവേലക്കാരും തകര്‍ച്ച നേരിട്ടു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ കഴിയാതെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റാതെ കൃഷിക്കാര്‍ക്ക് ഉല്പന്നങ്ങള്‍ കിട്ടിയ വിലയ്ക്കു വില്‍ക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.


Dont Miss: ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനെത്തിയ പാര്‍വ്വതിക്ക് അവതാരകന്‍ നല്‍കിയത് എട്ടിന്റെ പണി; മലയാളികളോട് മാപ്പ് ചോദിച്ച് താരം


എന്നാല്‍ ധനികരെ ഇതൊട്ടും ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ക്രഡിറ്റ് കാര്‍ഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെയാണ് നോട്ടുനിരോധിച്ചത് ഇന്ത്യയെ ഡിജിറ്റള്‍ ഇക്കോണമിയാക്കാന്‍ വേണ്ടിയാണെന്ന് മോദി പ്രഖ്യാപിച്ചതെന്നും തോമസ് ഐസക് പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടംമറിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നോട്ടുനിരോധനത്തിന്റെ ഗുണം ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ലഭിക്കുകയെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. ഇനിയാണ് യഥാര്‍ത്ഥ കള്ളപ്പണ വേട്ട നടക്കുകയെന്നാണ് ചിലര്‍ പറയുന്നത്. അക്കൗണ്ടുകളില്‍ എത്തിയ പണം എവിടെ നിന്നു കിട്ടിയെന്ന് ഓരോരുത്തര്‍ക്കും നോട്ടീസ് അയക്കുമെന്നും പറയുന്നു. എന്നാണ് ഇതാണ് നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ടതെങ്കില്‍ ഒരു അര്‍ധരാത്രിയില്‍ പൊടുന്നനെ നോട്ടുനിരോധനം നടപ്പിലാക്കേണ്ടതില്ലായിരുന്നെന്നും തോമസ് ഐസക് പറയുന്നു.

മൂന്നോ നാലോ മാസത്തെ സാവകാശം ജനങ്ങള്‍ക്കു നല്‍കി അവര്‍ നോട്ടുകളെല്ലാം മാറിയെടുത്തശേഷം സമയമെടുത്ത് ഓരോ അക്കൗണ്ടും പരിശോധിച്ച് കള്ളപ്പണം പിടിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

‘എന്തിനീ നാട്ടിലെ പാവങ്ങളെ ഈ പങ്കപ്പാടിലേക്ക് തള്ളിവിട്ടു? ഇതിന് മോദി മറുപടി പറഞ്ഞേതീരൂ’ അദ്ദേഹം ആവശ്യപ്പെടുന്നു.

നോട്ടുനിരോധനം ഉയര്‍ത്തി ഓരോ പ്രശ്നങ്ങളിലും കേരളസര്‍ക്കാര്‍ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് അവകാശപ്പെടുന്നു. സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിച്ചെന്നും അദ്ദേഹം പറയുന്നു.

‘ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണല്ലോ പ്രശ്നങ്ങള്‍ എന്നായിരുന്നു സംഘികളുടെ വിമര്‍ശനം. അതു തന്നെയാണ് കേരള സര്‍ക്കാറിനുലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.