Categories

Headlines

‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന്’; സ്വാശ്രയ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ച് തോമസ് ഐസക്

 

ആലപ്പുഴ: വിദ്യാഭ്യാസ രംഗത്ത് ഏറെ വിവാദങ്ങള്‍ക്കാണ് സ്വാശ്രയ പ്രവേശനം ഇത്തവണയും വഴിതെളിയിച്ചത്. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളിയുടെ മകള്‍ അനീറ്റയെയും പ്രവേശനം വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഡ്മിഷനുപോയ അനീറ്റയുടെ കഥ പറഞ്ഞിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.


Also Read: കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ചു; കഴുതയെന്ന് മനസിലായപ്പോള്‍ സംഘം രക്ഷപ്പെട്ടു


ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ വന്നപ്പോള്‍ ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്ന് കണ്ണീരോടെ മടങ്ങിയതും പിന്നീട് സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ തിരുവനന്തപുരത്ത് പോയി അഡ്മിഷനെടുത്ത കാര്യവും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്.

താന്‍ അവിടെ പോയപ്പോള്‍ കടം വാങ്ങിയ അഞ്ചുലക്ഷം രൂപ എങ്ങിനെ തിരിച്ച് കൊടുക്കുമെന്ന ആശങ്കയിലായിരുന്നു ആ കുടംബമെന്നും എന്നാല്‍ നിങ്ങള്‍ ഫീസായി നല്‍കിയ പണം സര്‍ക്കാര്‍ തിരിച്ച് നല്‍കുമെന്നും പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസമായില്ലെന്നും മന്ത്രി പറയുന്നു. മത്സ്യതൊഴിലാളികളുടെ മക്കള്‍ സ്വാശ്രയ കോളേജിലാണ് പഠിക്കുന്നതെങ്കില്‍ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കുമെന്ന വിവരം അവരുമായി പങ്കുവെച്ചെന്നും ഫിഷറീസ് മന്ത്രിയെ അവിടെ നിന്നു തന്നെ വിളിച്ചെന്നും തോമസ് ഐസക് പറയുന്നു.


Dont Miss: ‘ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്’; യുദ്ധം ഇരന്നുവാങ്ങരുതെന്ന് ഉത്തരകൊറിയയോട് അമേരിക്ക


‘ഒരു പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ വിശ്വസിച്ചു എന്ന് വരില്ല . അനീറ്റയുടെ കുടുംബം പാര്‍ട്ടി കുടുംബമൊന്നുമല്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു , ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന്’. എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അനീറ്റയുടെ കദനകഥ ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ടു ദിവസം ആലപ്പുഴ പത്രങ്ങളിലെ പ്രധാന വാര്‍ത്ത ആയിരുന്നത്രെ. മത്സ്യതൊഴിലാളി കുട്ടി, എന്നെ സംബന്ധിച്ചിടത്തോളം പ്രതിഭാതീരത്തിലെ കുട്ടി അധ്യാപിക. ജ്ഞാനപീഠം വായനശാലയിലെ പ്രതിഭാതീരം കേന്ദ്രത്തിലെ കുട്ടികളെ സഹായിക്കാന്‍ മുടങ്ങാതെ വരുന്ന ഒരാള്‍ ആണ്. സ്വയം പഠിക്കുകയും ചെയ്യും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാന്‍ ഞാന്‍ വീട്ടില്‍ പോയതാണ്. നീറ്റ് പരീക്ഷയില്‍ നല്ല വിജയം .ഗോകുലം മെഡിക്കല്‍ കോളേജില്‍ ആണ് എം ബി ബി എസ് അലോട്ട്മെന്റ് കിട്ടിയത് നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുമായി മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാന്‍ ചെന്നപ്പോള്‍ ആണ് ബാങ്ക് ഗ്യാരണ്ടി വേണം എന്നറിയുന്നത്. കണ്ണീരോടെ മടങ്ങി, പത്ര വാര്‍ത്തയുമായി. ഞാന്‍ ഇത് അറിയുന്നില്ല. സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്നതോടെ രണ്ടാമത് തിരുവനന്തപുരത്ത് പോയി അഡ്മിഷന്‍ നേടി.

എന്നോട് ഇതേകുറിച്ച് സംസാരിച്ചവര്‍ക്ക് പ്രശ്നം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ഇന്നലെ ഞാന്‍ തന്നെ വീട്ടില്‍ പോയി. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയത് എങ്ങിനെ തിരിച്ചു കൊടുക്കും എന്ന വേവലാതിയില്‍ ആണ് കുടുംബം. നിങ്ങള്‍ കൊടുത്ത പണം സര്‍ക്കാര്‍ തിരിച്ചു തരും, മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയത്തിലും വിദ്യാഭ്യാസം സൌജന്യമാണ് . ഇത് പറഞ്ഞിട്ട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്നതാണ് മത്സ്യ തൊഴിലാളി കുട്ടികള്‍ക്ക് സ്വാശ്രയ കോളേജില്‍ പോലും ഫീസ് സര്‍ക്കാര്‍ നല്‍കും എന്ന പരിഷ്‌കാരം.

എല്ലാവരുടെയും അത്ഭുതം കണ്ടപ്പോള്‍ അതൊന്നു ഉറപ്പാക്കാന്‍ ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയെ തന്നെ വിളിച്ചേക്കാം എന്ന് കരുതി . ‘പിന്നെ നമ്മുടെ ബാധ്യതയല്ലെ അത് . കുറച്ചു കൂടി പണത്തിനു ഫയല്‍ അയക്കുന്നുണ്ട് ‘ എന്ന് മന്ത്രി . ഏതായാലും അനീറ്റ ഡോക്ടര്‍ ആവും . ഒരു പക്ഷെ ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങളില്‍ ചിലര്‍ വിശ്വസിച്ചു എന്ന് വരില്ല . അനീറ്റയുടെ കുടുംബം പാര്‍ട്ടി കുടുംബമൊന്നുമല്ല. പക്ഷെ ഞാന്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അനീറ്റയുടെ അപ്പന്‍ അവിടെയുണ്ടായിരുന്നവരോടായി പറയുന്നുണ്ടായിരുന്നു , ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന്”.