കൊച്ചി: കേന്ദ്രത്തിലെ വലിയ തമ്പുരാക്കന്‍മാരുടെ വാല്യക്കാരല്ല സംസ്ഥാനസര്‍ക്കാരെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ഭരണഘടനപരമായി വാണിജ്യ നികുതിയെഴികയുള്ള നികുതി പിരിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. എന്നാല്‍ ആ നികുതിയുടെ വിഹിതം സംസ്ഥാന സര്‍ക്കാറിന് നല്‍കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ കേന്ദ്രധന കാര്യകമ്മിഷന്‍ അമിതമായി ഇടപെട്ടാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്ന സംസ്ഥാനബജറ്റിലെ പ്രഖ്യാപനം കേന്ദ്രസഹായത്തെ ആശ്രയിച്ചല്ല. സംസ്ഥാനത്ത് പതിനൊന്നര ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ രണ്ടു രൂപ നിരക്കില്‍ അരി നല്‍കാവൂവെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് രണ്ടു രൂപക്ക് അരി നല്‍കുന്നത്. കേന്ദ്രം മൂന്നു രൂപയ്ക്ക് നല്‍കുന്ന അരി രണ്ടു രൂപയ്ക്കു നല്‍കുകയാണെന്ന വാദവും തെറ്റാണ്. ആറര രൂപയുടെ അരിയാണ് രണ്ടു രൂപയ്ക്ക് നല്‍കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.

കേന്ദ്രത്തിന്റെ കാരുണ്യത്താലാണ് സംസ്ഥാന ബജറ്റ് തയാറാക്കിയിരിക്കുന്നതെന്ന കേന്ദ്ര സഹമന്ത്രി കെ വി തോമസിന്റെ പ്രഖ്യാപനം ശുദ്ധ അസംബന്ധമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിച്ചതിനെതിരെയും കേന്ദ്രമന്ത്രിമാര്‍ വാസ്തവമറിയാതെയാണ് സംസാരിക്കുന്നതെന്നും ഐസക് പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്.