കൊച്ചി: സി.പി.ഐ.എമ്മില്‍ പാര്‍ലിമെന്ററിസത്തിന്റെ അതിപ്രസരമാണെന്ന് ധനമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. വിഭാഗീയതയും മുന്നണിയിലെ അസ്വാരസ്യങ്ങളും കാരണം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു.

പാര്‍ട്ടി നേതാക്കന്‍മാര്‍ക്കിടയിലെ വ്യക്തി വൈരങ്ങള്‍ വിഭാഗീയത ആളിക്കത്തിക്കാന്‍ കാരണമായിട്ടുണ്ട്. പ്രത്യയ ശാസ്ത്ര പോരാട്ടം എന്ന പേരില്‍ പാര്‍ട്ടിയില്‍ നടന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള വടംവലികായിരുന്നു.

നയപരമായും അല്ലാതെയും ജനം വി.എസ് സര്‍ക്കാറിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. വി.എസ് ഉള്ളപ്പോള്‍ ആര് നയിക്കുമെന്ന ചോദ്യം ഉദിക്കുന്നില്ല. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി ഔപചാരികമായി പിന്നീട് തീരുമാനിക്കേണ്ടതാണ്.

എല്‍.ഡി.എഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം ഔപചാരികതയുടെ മാത്രം പ്രശ്‌നമാണോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കട്ടെ, ജനം വി.എസ് സര്‍ക്കാറിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഐസകിന്റെ മറുപടി. ഇന്ത്യാവിഷന്റെ ഞാന്‍ എന്റെ രാഷ്ട്രീയം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.