കോഴിക്കോട്: പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ എന്ന വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയതെന്നറിയില്ല എന്ന് ധനമന്ത്രി തോമസ് ഐസക്ക്. തനിക്കു മാത്രമല്ല വകുപ്പിലാര്‍ക്കും അറിയില്ല എന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണം എന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

‘വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണം.’ തോമസ് ഐസക്ക് കുറിപ്പില്‍ പറയുന്നു.

ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു എന്നും സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സന്തോഷമൊള്ളു എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഇതു വളരെ മോശമായിപ്പോയി എന്നും ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണം എന്നും മനോരമയോട് മന്ത്രി ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം