Categories

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: രജ്ഞിത് തമ്പാന്‍ ഹാജരാകണമെന്ന് റവന്യൂമന്ത്രി; പറ്റില്ലെന്ന് എ.ജി

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എ.എജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്(എജി) മന്ത്രി കത്ത് നല്‍കി.

വിഷയം പൊതുതാല്‍പര്യമാണെന്നും കേസില്‍ ഹാജരാവാന്‍ റവന്യൂ കേസിലെ പരിചയം അത്യാവശ്യമാണെന്നും മന്ത്രി എ.ജിക്ക് നല്‍കിയ രേഖാമൂലമുള്ള കത്തില്‍ ആവശ്യപ്പെട്ടു. നേരത്തേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജിയെ മാറ്റിയിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഇപ്പോള്‍ റവന്യൂവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. രജ്ഞതി തമ്പാന് വിഷയത്തില്‍ ആക്ഷേപമില്ല. തനിക്ക് മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എ.ജി അറിയിച്ചു.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും, മാര്‍ത്താണ്ഡന്‍ കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത്ത് തമ്പാനെ മാറ്റി പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനായിരുന്നു കേസില്‍ ഹാജരായിരുന്നത്. ഇത് വലിയ വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ റവന്യൂമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എ.എ.ജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് ബോധപൂര്‍വമാണെന്ന ആരോപണവും വന്നിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജിയെ ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.

തോമസ് ചാണ്ടിയുടെ ഉമടസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി തണ്ണീര്‍ത്തടങ്ങളും വയലും നികത്തിയെന്ന കേസ് പ്രാധാന്യത്തോടെയാണ് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എഎജി തന്നെ ഹാജരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. പി.വി.അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ഭൂമികയ്യേറ്റ കേസിലും അന്വേഷണം തുടരാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Tagged with: