tekkadiതേക്കടി: തേക്കടി ബോട്ടപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചെന്നൈ സ്വദേശി രാജശേഖരയുടെ ഭാര്യ സെന്തില്‍കുമാരി(36) മകള്‍ ഐശ്വര്യ(5) ഹൈദരാബാദ് സ്വദേശി അപൂര്‍വ (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 44 ആയി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്.

ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ സിനുവിന്റെ മകനും ഇന്ന് മൃതദേഹം കണ്ടെത്തിയ അപൂര്‍വ സഹോദനുമായ അഭിഷേകിന്റ മൃതദേഹമാണ് ഇനി കണ്ടെത്താനുളളത്. അഭിഷേകിനു വേണ്ടി യുള്ള തിരച്ചില്‍ തുടരും. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സംഘവും തിരച്ചിലിന് സഹകരിക്കുന്നുണ്ട്. മെച്ചപ്പെട്ട കാലാവസ്ഥയും തിരച്ചിലിനു സഹായകമായിട്ടുണ്ട്.

രാവിലെ തിരച്ചിലിനിറങ്ങിയപ്പോള്‍ ഐശ്വര്യയുടെ മൃതദേഹം കരയില്‍ വന്ന് അടിഞ്ഞത് കണ്ടെത്തുകയായിരുന്നു.കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി എംബാം ചെയ്ത ശേഷം ഇന്നു തന്നെ ബന്ധുക്കള്‍ക്കു കൈമാറും.

ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്. തമിഴ് നീട്ടിലെ കുംഭകോണത്ത് താമസികക്ുന്ന തൃശൂര്‍ സ്വദേശികളായ സിന്‍സര്‍ട്ട് (39), ഭാര്യ സുശീല (35), മകന്‍ അപ്പു (13) എന്നിവരും മരിച്ചവരില്‍പ്പെടും. അഞ്ചു കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും ദുരന്തത്തില്‍പ്പെട്ട് മരിച്ചു. ആറു കുടുംബങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണു ശേഷിക്കുന്നത്.

അപകട കാരണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. അമിതമായി ആളെ കയറ്റി, ബോട്ട് തിരിക്കുമ്പോള്‍ ചെരിഞ്ഞു, ആളുകള്‍ ഒരു വശത്തേക്ക് ഓടിക്കൂടി, ബോട്ടിന്റെ നിര്‍മ്മാണത്തിലെ പിഴവ് തുടങ്ങിയ കാര്യങ്ങളെല്ലാം അപകട കാരണമായി പറയുന്നുണ്ട്. ഇതെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.