ന്യൂദല്‍ഹി: പിതൃത്വക്കേസില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ആന്ധ്രാപ്രദേശ്‌ മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരി സമര്‍പ്പിച്ച ഹരജി കോടതി തള്ളി.

ജസ്റ്റിസ് അഫ്താബ് ആലം, ആര്‍.എം ലോധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് തീരുമാനം. എന്നാല്‍ ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിവാരിക്ക് ഇത്രയും പ്രായമുള്ളതിനാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം തിവാരിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മകനാണെന്ന് അവകാശപ്പെടുന്നയാള്‍ക്ക് തെളിയിക്കാന്‍ മറ്റുവഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിവാരി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഡി.എന്‍.എ ടെസ്റ്റിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.