എഡിറ്റര്‍
എഡിറ്റര്‍
അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം
എഡിറ്റര്‍
Wednesday 16th August 2017 11:08am

ലഖ്‌നൗ: ഹൈന്ദവ ക്ഷേത്രം പണിയാനായി സ്വന്തം വീടിന്റെ ഒരുഭാഗം വിട്ടുകൊടുത്ത് യു.പിയിലെ ഒരു മുസ്‌ലീം കുടുംബം. ലഖ്‌നൗ സ്വദേശിയായ നൂറുല്‍ ഹസ്സനാണ് പുതുക്കിപ്പണിയുന്ന ഹൈന്ദവ ക്ഷേത്രത്തിനായി തന്റെ വീടിന്റെ ഒരുഭാഗം വിട്ടുനല്‍കിയത്.

യൂനൈറ്റഡ്‌ബൈ ഫെയ്ത്ത് കാമ്പയിന്റെ ഭാഗമായി ബെനറ്റന്‍ ഇന്ത്യയാണ് ഇദ്ദേഹത്തിന്റെ കഥ പുറത്തുകൊണ്ടുവന്നത്. ഇദ്ദേഹത്തിന്റെ കഥ ഒരു ഡോക്യുമെന്ററിയായാണ് യൂനൈറ്റഡ് ബൈ ഫെയ്ത്ത് പുറത്തിറക്കിയത്.

ഇന്ത്യയിലെ വൈവിധ്യത്തെ തുറന്നുകാട്ടുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം. ലഖ്‌നൗവിലെത്തിയ ബെനട്ടണ്‍ കാമ്പയിന്‍ അംഗങ്ങളാണ് നൂറുല്‍ ഹസ്സന്റെ കഥ ഒരു ഡോക്യുമെന്ററിയിലൂടെ ലോകത്തെ അറിയിക്കുന്നത്.

വ്യത്യസ്ത മതങ്ങളും വ്യത്യസ്ത വിശ്വാസങ്ങളും ഉണ്ടെങ്കിലും നമ്മളെല്ലാവരും ഒന്നാണെന്നും പരസ്പരം സ്‌നേഹവുംബഹുമാനവും കാത്തുസൂക്ഷിക്കുന്നവരാണെന്ന സന്ദേശം പകരുന്നതാണ് നൂറുല്‍ ഹസ്സന്റെ ജീവിതം.

സ്വന്തം മതവിശ്വാസത്തില്‍ അടിയുറച്ചുവിശ്വസിക്കുന്നതിനോടൊപ്പം തന്നെ മറ്റുമതസ്തരെ കൂടി അംഗീകരിക്കാനും അവര്‍ക്കൊപ്പം ചേരാനുമുള്ള നൂറുല്‍ ഹസ്സന്റെ വലിയ മനസിനെ കുറിച്ചാണ് ഡോക്യുമെന്ററി.

എന്നാല്‍ തന്റേത് വെറും എളിയ ശ്രമം മാത്രമാണെന്നാണ് ഇതേക്കുറിച്ചുള്ള നൂറുല്‍ ഹസ്സന്റെ വാക്കുകള്‍.

ഏറെ നാളായി എനിക്ക് ഈ ക്ഷേത്രവുമായി ബന്ധമുണ്ട്. പൂജയ്ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കുയും അവിടേക്കുള്ള മാല കെട്ടുകയും അവരുടെ പൂജകളില്‍ പങ്കെടുക്കാറുമുണ്ട് ഞാന്‍.

ഓരോ ദിവസവും നിരവധി ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. അവര്‍ സമാധാനം തേടിയാണ് ഇവിടെ എത്തുന്നത്. അപ്പോള്‍ എനിക്കും സമാധാനം ലഭിക്കും. ജീവിതാവസാനം വരെ ഈ ക്ഷേത്രത്തിന് വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. – നൂറുല്‍ ഹസ്സന്‍ പറയുന്നു.

പരസ്പരം എങ്ങനെ ഓരോരുത്തരേയും ബന്ധിപ്പിക്കാം എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് നൂറുല്‍ ഹസ്സന്‍. ആരാണ് യഥാര്‍ത്ഥ ഇന്ത്യന്‍ എന്ന ചോദ്യത്തിന്റെ മറുപടിയാണ് നൂറുല്‍ ഹസ്സനെ പോലുള്ളവര്‍. അവരെ അംഗീകരിക്കാനും ഏറ്റെടുക്കാനും നമ്മള്‍ തയ്യാറാകണമെന്ന് മാത്രം.

Advertisement