എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ക്ക് അഭിഭാഷകരാകാന്‍ പരിശീലനം നല്‍കുന്ന ഇന്ത്യന്‍സ്‌കൂള്‍
എഡിറ്റര്‍
Friday 14th July 2017 2:01pm

ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നിയമപരമായി പൊരുതാനുള്ള സഹായവുമായി ഒരു ഇന്ത്യന്‍ സ്‌കൂള്‍. ലൈംഗിക ചൂഷണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഫ്രീ എ ഗേള്‍ എന്ന ഡച്ച് സംഘടനയാണ് സ്‌കൂള്‍ ഫോര്‍ ജസ്റ്റിസ് എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.

ലൈംഗിക ചൂഷണത്തില്‍ രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠിച്ച് നിയമത്തില്‍ ബിരുദമെടുക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ് ഈ സ്‌കൂളിന്റെ ലക്ഷ്യം. പലപ്പോഴും ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമപരമായി പോരാടാന്‍ ഇവരെ പ്രേരിപ്പിക്കുകയെന്നതും പദ്ധതി ലക്ഷ്യമിടുന്നു.

ഏപ്രിലിലാണ് സ്‌കൂള്‍ ഫോര്‍ ജസ്റ്റിസില്‍ ക്ലാസ് ആരംഭിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് പ്രശ്‌നമാകുമെന്നതിനാല്‍ ഈ സ്‌കൂള്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതുസംബന്ധിച്ച കാര്യം ഇവര്‍ പുറത്തുവിട്ടിട്ടില്ല.

19 യുവതികളാണ് ക്ലാസിലുള്ളത്. ഇതില്‍ നാലുപേര്‍ക്ക് ഇതിനകം തന്നെ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി പഠനം തുടരാന്‍ അനുമതി ലഭിച്ചു കഴിഞ്ഞു. മറ്റുള്ളവര്‍ ഒരു വര്‍ഷം കൂടി പഠനം തുടര്‍ന്നശേഷം അപേക്ഷ നല്‍കും.

‘ ദാരിദ്ര്യം കാരണം ഒമ്പതാം വയസില്‍ വീടുവിട്ടതാണ് ഞാന്‍. വലിയ വീടുകളില്‍ വീട്ടുജോലി ചെയ്തു. തോട്ടക്കാരും, സെക്യൂരിറ്റിയും, തൂപ്പുകാരും മറ്റു പുരുഷന്മാരുമൊക്കെ അവിടങ്ങളില്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്.’ ഇവിടെ പഠിക്കുന്ന സംഗീത പറയുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ആ വീട് വിട്ടെങ്കിലും പണമില്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. എന്റെ വീട്ടിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്നും. തെരുവില്‍ ഭിക്ഷയാചിക്കുന്ന ഒരു യുവതിയോടു സഹായം ചോദിച്ചു. പക്ഷെ അവര്‍ എന്നെ ഒരു വേശ്യാലയത്തില്‍ വില്‍ക്കുകയായിരുന്നു. അന്നെനിക്കു 13 വയസായിരുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ എനിക്കു പൊരുതണം. എന്നെപ്പോലുള്ളമറ്റുള്ളവരെ സഹായിക്കും. അഭിഭാഷകയാകാന്‍ വലിയ സന്തോഷമുണ്ട്. അതുകൊണ്ടാണ് സ്‌കൂള്‍ഫോര്‍ ജസ്റ്റിസില്‍ ചേര്‍ന്നത്.’ സംഗീത പറയുന്നു.

സ്‌കൂള്‍ ഫീസും താമസചിലവും, ഭക്ഷണ, ഗതാഗത ചിലവുമെല്ലാം സ്‌കൂള്‍ ഫോര്‍ ജസ്റ്റിസ് ആണ് വഹിക്കുന്നത്. അംഗങ്ങളെല്ലാം തന്നെ സാന്‍ലാപ് എന്ന സഹായ സംഘടന നടത്തുന്ന വീടുകളിലാണ് താമസിക്കുന്നത്. അവിടെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ക്ലാസുകളും നിയമക്ലാസുകളും ഉണ്ട്.

പെണ്‍കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് അവര്‍ എതിര്‍പ്പില്ലെന്നതിനാലാണ് ഹാഫിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ചിത്രം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നത്.

Advertisement