എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് മാനിക്കാതെ കേന്ദ്രം: സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കും ആധാര്‍ നിര്‍ബന്ധമാക്കി
എഡിറ്റര്‍
Saturday 4th March 2017 11:25am


ന്യൂദല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ആധാറോ ആധാറിന് അപേക്ഷച്ചതിന്റെ രേഖയോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി നിഷേധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

ആധാറിന് അപേക്ഷിക്കാന്‍ കുട്ടികള്‍ക്ക് ജൂണ്‍ അവസാനം വരെയാണ് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനകം ആധാര്‍ ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ മറ്റേതെങ്കിലും രേഖയ്‌ക്കൊപ്പം ആധാറിന് അപേക്ഷിച്ച രേഖയും ഹാജരാക്കിയാല്‍ മാത്രമേ ഉച്ചഭക്ഷണം ലഭിക്കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


Must Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ് 


കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്കു പുറമേ ഉച്ചക്കഞ്ഞി പാചകം ചെയ്യുന്നയാള്‍ക്കും സഹായികള്‍ക്കുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

‘ജമ്മു കശ്മീര്‍, മേഘാലയ, ആസാം’ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള വിദ്യാലയങ്ങളിലൊഴിച്ച് മറ്റെല്ലാ വിദ്യാലയങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം വരുന്ന കുട്ടികളിലെ പോഷകാഹാരക്കുറവിനു പരിഹാരം എന്ന നിലയിലായിരുന്നു സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ നല്‍കുന്ന ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2015 ഒക്ടോബറില്‍ ജസ്റ്റിസ് വി. ഗോപാല ഗൗഡ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.

‘ ആധാര്‍ കാര്‍ഡ് പദ്ധതി സ്വന്തം ഇഷ്ടപ്രകാരം ചെയ്യാവുന്നതാണെന്നും കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുന്നവരെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല’ എന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്.

എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ ഉത്തരവ് ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ സുപ്രീം കോടതി വീണ്ടും ഈ ഉത്തരവ് നിലനില്‍ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ഒട്ടുംവിലകല്‍പ്പിക്കാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്. പാചകവാതകത്തിനും തൊഴിലുറപ്പു പദ്ധതിക്കും റെയില്‍വേ ടിക്കറ്റിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഉത്തരവുകള്‍ ഇറക്കിയിരുന്നു.

Advertisement