ന്യൂദല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിപ്പിച്ചെന്ന് ബി.ജെ.പിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ വിഷയത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയകാര്യമല്ലെന്ന് മോദി പറഞ്ഞു.


Also Read: ‘വയറ്റുപ്പിഴപ്പിന് മറ്റുവഴിയില്ലാത്തവരുടെ മനസമാധാനത്തിനു വേണ്ടിയാണ് ഈ പി.ആര്‍ പണി’; ദിലീപിനെ ആരും കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് എ.എ റഹീം


‘ഒരു പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയകാര്യമല്ല. ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് 5.7 ലേക്ക് എത്തുന്നത്.’ അദ്ദേഹം പറഞ്ഞു. കമ്പനി സെക്രട്ടറിമാരുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയ മോദി മുമ്പ് ഇങ്ങനെ സംഭവിച്ചപ്പോള്‍ എന്താണ് നടന്നതെന്നും ചോദിച്ചും. ‘കഴിഞ്ഞ ആറുവര്‍ഷത്തിനിടെ എട്ടുതവണ വളര്‍ച്ചാ നിരക്ക് 5.7 ല്‍നിന്ന് താഴേക്കു പോയിട്ടുണ്ട്. അന്ന് തന്നേക്കാള്‍ വലിയ വലിയ സാമ്പത്തിക വിദഗ്ധര്‍ ഉണ്ടായിരുന്നിട്ടും എന്തായിരുന്നു സംഭവിച്ചത്’ അദ്ദേഹം ചോദിച്ചു.

‘മൂന്നുവര്‍ഷമായി ശരാശരി 7.5 ശതമാനം വളര്‍ച്ച നേടിയ ശേഷം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ അത് താഴേക്ക് എത്തി. ഈ അവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടുത്തപാദത്തില്‍ രാജ്യം 7.7 ശതമാനം വളര്‍ച്ച നേടുമെന്ന് ആര്‍.ബി.ഐ പ്രവചിച്ചിട്ടുണ്ട്’ മോദി പറഞ്ഞു.


Dont Miss: ‘ജയ് ജയ് സി.പി.ഐ.എം’; ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനും ജയ് വിളി; കൂലിക്കാളെയെടുത്തവര്‍ക്ക് പണികിട്ടിയെന്ന് സോഷ്യല്‍മീഡിയ


വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താന്‍ തയ്യാറാണെന്നും പറഞ്ഞ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ വികസനത്തിന്റെ പുതിയ മേഖലയില്‍ എത്തിക്കുമെന്നും പറഞ്ഞു.

വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച മോദി വസ്തുതകള്‍ കൊണ്ടല്ല മറിച്ച് വൈകാരികമാണ് വിമര്‍ശനങ്ങളെന്നായിരുന്നു പറഞ്ഞത്.