എഡിറ്റര്‍
എഡിറ്റര്‍
പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി: തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 2nd November 2012 12:56pm

കൊച്ചി: പോലീസ് സ്‌റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കാര്യം നേടാനായി ഭീഷണിപ്പെടുത്തുന്ന കാലം കഴിഞ്ഞെന്നും അതൊന്നും ഇനി വിലപ്പോവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് ഐ.ജി അന്വേഷിക്കും.

Ads By Google

ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടി എടുക്കും. അതില്‍ യാതൊരു വീഴ്ചയും വരുത്തില്ല. ജനങ്ങളെ സേവിക്കാനാണ് പോലീസ്. നിയമപാലകരായ പോലീസിന് നേരെ അക്രമം നടത്തുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ല.

ആക്രമണം നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരു തരത്തിലും വീഴ്ച വരുത്തില്ല- തിരുവഞ്ചൂര്‍ പറഞ്ഞു.

അനധികൃത മണ്ണ് കടത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷനിലെത്തി കെ.സുധാകരന്‍ എം.പി പോലീസിനെ തെറിവിളിച്ചിരുന്നു.

വളപ്പട്ടണം എസ്.പിക്കെതിരെയായിരുന്നു സുധാകരന്‍ അസഭ്യവര്‍ഷം നടത്തിയത്. ‘നീയെന്താ സുരേഷ് ഗോപി കളിക്കുകയാണോ, സ്ഥലം മാറ്റിക്കളയും, എന്നൊക്കെയാണ് സുധാകരന്‍ എസ്.പിയോട് പറഞ്ഞത്.

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.പി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്നാണ് കെ.സുധാകരന്‍, കെ.എം ഷാജി എം.എല്‍.എയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

ശേഷം അറസ്റ്റിലായവരെ പുറത്തിറക്കിയാണ് സുധാകരന്‍ സ്ഥലം വിട്ടത്. പിന്നീട് കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് സുധാകരന്‍ എം.പിക്കെതിരെയും, അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരെയും വളപട്ടണം പോലീസ് കേസെടുത്തു.

Advertisement