എഡിറ്റര്‍
എഡിറ്റര്‍
ലാത്തിച്ചാര്‍ജ്: ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി: തിരുവഞ്ചൂര്‍
എഡിറ്റര്‍
Tuesday 19th June 2012 9:00am

തിരുവനന്തപുരം: തലസ്ഥാനത്ത് തിങ്കളാഴ്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പോലീസ് മര്‍ദനത്തില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ നേരിട്ടത് കല്ല് ഉപയോഗിച്ചാണ്. യൂണിവേഴ്‌സിറ്റി കോളജിനെ മറയാക്കി ചിലര്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പോലീസിന് നേരെ കല്ലെറിഞ്ഞവരില്‍ വിദ്യാര്‍ത്ഥികളല്ലാത്തവരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചിരുന്നു. എസ്.എഫ്.ഐ മാര്‍ച്ചിനുനേരെയുണ്ടായ ലാത്തിച്ചാര്‍ജിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവ് അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

Advertisement