കണ്ണൂര്‍: ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെളളപ്പാച്ചിലില്‍ ഏറെക്കുറെ മുങ്ങിയ ഇരിട്ടി ടൗണില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.

ദുരന്തം നേരിടാന്‍ നാവികസേനയുടെയും ദുരന്തനിവാരണസേനയുടെയും സഹായം തേടും. മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നുള്ള സ്ഥിതി ഗുരുതരമാക്കും വിധം പഴശ്ശി ഡാമിലെ ഷട്ടര്‍ തുറക്കാനാവാത്ത സ്ഥിതിവിശേഷം വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

Ads By Google

അതേസമയം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഇരിട്ടി ടൗണിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മുപ്പതു പേരടങ്ങുന്ന സംഘത്തെ കണ്ണൂരിലേക്ക് നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും നാളെയും മറ്റന്നാളും
ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യം പരിശോധിക്കും. എല്ലാ വിധത്തിലുള്ള സഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയുടെ  മലയോരത്ത് ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരു കുടുംബത്തിലെ രണ്ടു പേരടക്കം അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

കോലഞ്ചേരി സ്വദേശി പാലത്തൊടി ഗോപാല്‍(75), ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ജോസഫ് (ഔസേപ്പ്),ഇദ്ദേഹത്തിന്റെ ഇളയ മകന്‍ ബിജുവിന്റെ ഭാര്യ നിഷ, പുത്തന്‍പുരയില്‍ വര്‍ക്കി എന്നിവരുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

ഇതില്‍ മരിച്ച ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി, നിഷയുടെ രണ്ടു വയസുള്ള മകന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബിജുവിന്റെ മകന്‍ മൂന്നരവയസുകാരന്‍ കുട്ടനെന്ന അമലിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു. ചെറുശേരി തവന്നംമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സ്‌നയേയും(ഏഴ്) ഉരുള്‍പൊട്ടലില്‍ കാണാതായി. പൊലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്തു കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനു സമീപം ചെറുശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍ എന്നിവിടങ്ങളിലാണു മലയോരമേഖലയെ ഒന്നാകെ നടുക്കിയ ദുരന്തം.

അതിനിടെ, പുല്ലൂരാംപാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ജനത്തിന് ജാഗ്രതാ നി്ര്‍ദ്ദേശം നല്‍കി. പൊലീസും റവന്യൂ വകുപ്പുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.