കോഴിക്കോട്: ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയവേ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

Ads By Google

നടപടിയുടെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ചട്ടലംഘനം നടത്തിയതിന് നടപടി ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകും. ചട്ടം ലംഘിച്ച വ്യക്തി ആരെന്നല്ല പ്രധാനം, നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതാണ് മുഖ്യമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയരാജനെ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സ്വന്തം വാഹനത്തില്‍ കൊണ്ടുവന്നത്.
വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു ജയരാജന്‍ യാത്ര ചെയ്തത്. ജയരാജനൊപ്പമുണ്ടായിരുന്ന പോലീസും ജയില്‍ അധികൃതരും പിന്‍സീറ്റിലായിരുന്നു ഇരുന്നത്.

സംഭവം വിവാദമായതോടെ ആശുപത്രിയില്‍ നിന്നും ടാക്‌സിയിലാണ് ജയരാജനെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയത്.