തൃശൂര്‍: കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ ക്യാമറയുടെ വലയത്തിലാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പോലീസ് അക്കാദമിയിലെ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതിനെ നേരിടാന്‍ പോലീസിന്റെ പരമ്പരാഗത രീതിക്ക് സാധിക്കാത്ത സ്ഥിതിയാണ്. യാതൊരു രീതിയിലുള്ള മുന്‍കരുതല്‍ സംവിധാനവും ഇല്ലാത്തതാണ് കുറ്റവാളികള്‍ പെരുകാന്‍ ഇടയാക്കുന്നത്.

നിരീക്ഷണ സംവിധാനം ഉണ്ടെന്ന തോന്നല്‍ മതി കുറ്റവാളികളെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഒരു പരിധി വരെ മാറ്റിനിര്‍ത്താന്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കുറ്റവാളികളെ പിടികൂടാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലീസിനെ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി അസഹ്യമായിരിക്കുന്ന കാലഘട്ടമാണിത്.

അതിനാല്‍ ആധുനിക രീതിയില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് നീക്കം നടത്തുന്നത്. ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി പോള്‍, പോലീസ് അക്കാദമി ഡയറക്ടര്‍ എസ്. ശ്രീജിത്ത്, കൗണ്‍സിലര്‍ എം.സി ഗ്രേസി തുടങ്ങിയവര്‍ സംസാരിച്ചു.