എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: സുധാകരന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Tuesday 19th February 2013 11:58am

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ കെ. സുധാകരന്‍ എം.പിയുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

Ads By Google

സംസ്ഥാനത്തിന് പുറത്ത് നടന്ന സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സബ്മിഷന്‍. കെ സലീഖ എം.എല്‍.എയാണ് സബ്മിഷനിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

വേശ്യാവൃത്തി നടത്തി പണവും വാങ്ങി, പീഡിപ്പിച്ചുവെന്ന് വിളിച്ചുപറഞ്ഞ് നടക്കുന്നത് ശരിയല്ലെന്ന സുധാകരന്റെ പ്രസ്താവനയാണ് വിവാദമായത്. ജസ്റ്റിസ് ബസന്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാപരമാണ്. പി ജെ കുര്യനെതിരെയുള്ള വിഎസ്സിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. മസ്‌ക്കറ്റിലാണ് സുധാകരന്‍ ഈ വിവാദ പ്രസ്താവന നടത്തിയത്.

സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് ഹൈക്കമാന്റും രംഗത്തെത്തിയിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ അപലപനീയമാണ്.

സുധാകരന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്നും നേതാക്കളുടെ കാഴ്ചപ്പാടില്‍ മാറ്റംവരുത്തണമെന്നും എ.ഐ.സി.സി വക്താവ് രേണുക ചൗധരി ആവശ്യപ്പെട്ടിരുന്നു.

അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി പുതിയ സ്ത്രീ സുരക്ഷ സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.

രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിന്  മുന്‍കാല പ്രാബല്യം ഇല്ലാത്തതിനാലാണിത്. പെണ്‍കുട്ടി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്നും തുടരന്വേഷണം സാധ്യമല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു.

സ്ത്രീകളോടു മോശമായി പെരുമാറിയ 91 പൊലീസുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement