തിരുവനന്തപുരം: നിയമത്തെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകാമെന്ന് എം.എം. മണി വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയുടെ ഭീഷണി കാലത്തിന് നിരക്കാത്തതാണെന്നും അന്വേഷണം നടത്തുന്നതിലൂടെ സത്യം പറയാന്‍ മണിക്ക് അവസരം നല്‍കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കൊല നടത്തി എന്നൊരാള്‍ സമ്മതിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യണമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. അതേസമയം മണിക്കെതിരെ അച്ചടക്കനടപടി ഉറപ്പാണെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us:

മണിക്കെതിരെ നടപടി വേണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു മണിക്കൂറുകള്‍ക്കകമായിരുന്നു പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള തിരുവനന്തപുരം മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പിണറായി വിജയന്റെ വെളിപ്പെടുത്തല്‍. മണിക്കെതിരെ നടപടിയെടുക്കണമെന്നു പി.ബി സംസ്ഥാന നേതൃത്വത്തിനു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതേസമയം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിച്ച മണി, കേസുകള്‍ പാര്‍ട്ടിയുടെ കരുത്തുകൊണ്ടു തെരുവില്‍ നേരിടുമെന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.