എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചെന്ന ആരോപണം അന്വേഷിക്കും: തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 4th January 2013 4:00pm

കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

Ads By Google

തനിക്കെതിരെ ഇപ്പോഴും പീഡനം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പീഡന ശ്രമത്തെക്കുറിച്ച് പെണ്‍കുട്ടി ജോലി ചെയ്യുന്ന വിഭാഗത്തിലെ മേലുദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഇതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരേ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് എതിരെയുള്ള കള്ളക്കേസ് പിന്‍വിലിക്കണമെന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സൂപ്രീം കോടതി. കേസ് രണ്ടാഴ്ച്ചക്കകം പരിഗണിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇത്തരം കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. ഒരാഴ്ച്ചക്കകം വാദം കേള്‍ക്കാനുള്ള തീയതി തീരുമാനിക്കും. എട്ട് വര്‍ഷമായി അപ്പീല്‍ പരിഗണിക്കാത്തതില്‍ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അതൃപ്തിയും രേഖപ്പെടുത്തി.

സര്‍ക്കാരിന്റെ അപ്പീലില്‍ കക്ഷി ചേരാന്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ അനുവദിച്ചിരുന്നു. എന്നാല്‍ എട്ടു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നു കേസിന്റെ കാര്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരാമര്‍ശിക്കാന്‍ അഭിഭാഷകര്‍ തീരുമാനിക്കുകയായിരുന്നു.

Advertisement