തിരുവനന്തപുരം: തനിക്ക് ചങ്കുറപ്പുണ്ടോയെന്ന് പറയേണ്ടത് കാര്‍ഡിയോളജിസ്റ്റുകളാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി. വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തിരുവഞ്ചൂരിന്റെ കരളുറപ്പ് മാത്രം പോരെന്ന കെ. സുധാകരന്‍ എം.പിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Ads By Google

സുധാകരന്‍ തന്നെ നേരിട്ട് വിളിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞതായും അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. കേസ് സി.ബി.ഐയ്ക്ക് വിടുന്നതിനെ അന്വേഷണസംഘം എതിര്‍ത്തിട്ടില്ല. സി.ബി.ഐ അന്വേഷണം വേണോയെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധക്കേസിന്റെ അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരളുറപ്പ് മാത്രം പോരെന്ന് കെ. സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സി.പി.ഐ.എമ്മുമായി ബന്ധമുള്ള പോലീസുകാര്‍ ഉണ്ട്. ഇത് പോരായ്മയാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.