Categories

”വിഎസ് ഇറച്ചിവിലക്ക് ടിപിയെ വിറ്റു,ടിപിക്കേസില്‍ ഒടുവില്‍ കൂറുമാറിയ വ്യക്തി”

thiruvanchoor-radhakrishnan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ വനം റെവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. വിഎസിന്റേത് നിലവാരമില്ലാത്ത നിലപാടാണെന്നായിരുന്നു തിരവഞ്ചൂരിന്റെ വിമര്‍ശനം.

ടിപിവധക്കേസില്‍ ഒടുവില്‍ കൂറുമാറിയ വ്യക്തിയാണ് വിഎസ് എന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ ഇറച്ചിയുടെ വിലക്ക് വിറ്റിരിക്കുകയാണ് വിഎസ് അച്യുതാനന്ദന്‍. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെങ്കില്‍ അവര്‍ പതിന്നാലിടത്ത് മത്സരിക്കുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

വന്ദ്യവയോധികനായ വിഎസ് സത്യത്തിന് വേണ്ടി പ്രതികരിക്കുമെന്ന് വിചാരിച്ചിരുന്നത് തെറ്റിപ്പോയെന്നും ടിപിവിഷയത്തില്‍ രാഷ്ട്രീയമായി കൂറുമാറിയ വിഎസിന്റെ മുഖം വികൃതമായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാലില്‍ പിടിച്ച് സ്വന്തം തടിയൂരാനാണ് വിഎസ് ശ്രമിക്കുന്നതെന്നും എന്ത് ലാഭത്തിനാണ് ഈ പ്രസ്താവനയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ പെരിഞ്ഞനം കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതാപന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എംപിയും രമയും തിരുവഞ്ചൂരിന്റെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ വാലായി മാറിയെന്നും ആരോപിച്ച് ഇന്നലെ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

രമയുടെ കേരളയാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍എംപിയും രമയും തീരുമാനമെടുക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു. വിഎസിന്റെ ഈ നിലപാടുകള്‍ക്കെതിരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് രംഗത്തെത്തിയിരിക്കുന്നത്.