Categories

സമദാനിയെ തിരുവഞ്ചൂര്‍ സന്ദര്‍ശിക്കും

samadani

കുറ്റിപ്പുറം: മുസ്ലീംലീഗ് നേതാവും എം.എല്‍.എയുമായ എം.പി അബ്ദു സമദ് സമദാനിയെ ഇന്ന് വൈകിട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ സന്ദര്‍ശിക്കും.

എം.എല്‍.എയില്‍ നിന്ന് മന്ത്രി നേരിട്ട് പരാതി സ്വീകരിക്കും. കഴിഞ്ഞ ദിവസം സമദാനിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും.

കുറ്റിപ്പുറം ജമാ മസ്ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കൊടുവിലാണ് കഴിഞ്ഞ ദിവസം സമദാനിക്ക് കുത്തേറ്റത്.

പള്ളിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്കായി വിളിക്കുകയും ചര്‍ച്ച കഴിഞ്ഞ് ഇരുകൂട്ടരും മടങ്ങാനൊരുങ്ങവെ അപ്രതീക്ഷിതമായി പുളിക്കല്‍ കുഞ്ഞാവ എന്നയാള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് സമദാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.

എന്നാല്‍ സമദാനി തന്നെ കുത്തിയെന്ന കുഞ്ഞാവയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ സമദാനി തന്നെ വീട്ടിലെക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് കുഞ്ഞാവ പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ സമദാനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുളിക്കല്‍ കുഞ്ഞാവക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.