തിരുവനന്തപുരം: തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമം സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജിന്റെ മറ ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം നടന്നതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. വി. ശിവന്‍കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍.

വിദ്യാര്‍ത്ഥികള്‍ മുഖംമൂടി ധരിച്ചെത്തി പോലീസിനെ ആക്രമിച്ചത് ശരിയായില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചിനെത്തിയത് ആയുധങ്ങളെടുത്താണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് അക്രമത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷ ബഹളത്തില്‍ 15 മിനിറ്റോളം സഭ സ്തംഭിച്ചു.

അതിനിടെ, സംസ്ഥാനത്ത് എട്ടു ലക്ഷം പനിബാധിതരുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. മരുന്നുകളുടെ വില വ്യത്യാസം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരേ മരുന്നുകള്‍ക്ക് വിപണിയില്‍ പലവിലയാണ് ഈടാക്കുന്നതെന്ന കാര്യം മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ശിവകുമാര്‍ പറഞ്ഞു.