എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണസംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കും: തിരുവഞ്ചൂര്‍
എഡിറ്റര്‍
Monday 7th May 2012 11:57am

thiruvanchoor radhakrishnan, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണസംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തെ ബാധിക്കുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ പോലീസ് കണ്ടെത്തും. എത്രയോ കൊലപാതക കേസുകളില്‍ പ്രതികളുടെ ലിസ്റ്റ് ബാഹ്യശക്തികള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ അത് നടക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണം നടത്താന്‍ പ്രത്യേക പോലീസ് സംഘത്തിന് സാവകാശം നല്‍കേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം അവര്‍ നിഗമനത്തിലെത്തട്ടെ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. അതിനുവേണ്ട കര്‍ശന നടപടി സ്വീകരിക്കും.

വിവാദങ്ങളുണ്ടാക്കി കേസിന്റെ അന്വേഷണഗതി മാറ്റാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. പി.സി ജോര്‍ജ്ജിനെതിരെ തെളിവുണ്ടെങ്കില്‍ ജയരാജന്‍ അത് ഹാജരാക്കട്ടെ. മൈക്കിന് മുമ്പില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടത്. ആക്ഷേപങ്ങള്‍ എഴുതിത്തരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പി.സി ജോര്‍ജ്ജ് ആണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഇന്നലെ ആരോപിച്ചിരുന്നു. കൊലയാളികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയ്ക്ക് വയലാര്‍ രവിയുമായി അടുത്ത ബന്ധമുണ്ടെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വയലാര്‍ രവി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തനിക്ക് അങ്ങനെയൊരു ബന്ധുവുള്ളതായി അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍വ്യവസായമന്ത്രി എളമരം കരീം വടകരയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് എളമരം കരീം ഉറപ്പുനല്‍കി.

Malayalam News

Kerala News in English

Advertisement