Categories

എന്‍. എന്‍.എസിനെ തൃപ്തിപ്പെടുത്താനല്ല തന്നെ ആഭ്യന്തരമന്ത്രിയാക്കിയത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

thiruvanchoorകോട്ടയം: എന്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനല്ല തനിക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കിയതെന്ന്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐക്യമുന്നണി രാഷ്ട്രീയമാകുമ്പോള്‍ മുന്നണിയിലും പാര്‍ട്ടിയിലും സന്തുലിതാവസ്ഥകള്‍ പരിഗണിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടുകളോട് കോണ്‍ഗ്രസിന് ബഹുമാനമുണ്ട്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതാവ് എം. വിജയകുമാറിന് എന്‍.എസ്.എസില്‍ നിന്നും യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. എന്‍.എസ്.എസിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കേണ്ടത് എം.വിജയകുമാറല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സര്‍ക്കാരിന് അഹങ്കാരം ഉണ്ടായെന്ന പരാമര്‍ശം കാര്യമാക്കുന്നില്ല. എളിമയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.

പൊലീസിനെ ആധുനികവത്കരിക്കുകയാണ് ലക്ഷ്യം. തീരസുരക്ഷ ശക്തമാക്കുന്നതിന് 10 കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കുന്നതിന് 45 കോടി രൂപ മുതല്‍ മുടക്കില്‍ ക്രൈം ആന്റ് ക്രിമിനല്‍ ഡെയ്‌ലി നെറ്റ്‌വര്‍ക്ക് സിസ്റ്റം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അബ്ദുല്‍നാസര്‍ മഅദനിയുടെ വിഷയം മറ്റൊരു സംസ്ഥാനത്തെ പ്രശ്‌നമായതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ട്. അങ്ങനെയുള്ള സംഭവങ്ങളില്‍ അതാത് സംസ്ഥാനങ്ങളാണ് നടപടി സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.