കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയ്ക്കും മെഡിക്കല്‍ കോളജിനുമുള്‍പ്പെടെ ആവശ്യമായ ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നു റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍വകലാശാലയ്ക്കായി കൂടുതല്‍ ഭൂമി ആവശ്യമാണെങ്കില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ഔദ്യോഗികമായി അപേക്ഷിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഭൂമി കിട്ടാത്തതിന്റെ പേരില്‍ കേരളത്തില്‍ ഒരു വികസന പദ്ധതിയും തടസ്സപ്പെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കേന്ദ്രസര്‍വകലാശാലയ്ക്കു വേണ്ടി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ആവശ്യപ്പെട്ടതും സര്‍വകലാശാല അധികൃതര്‍ കാണിച്ചു തന്നതുമായ 310 ഏക്കര്‍ ഭൂമിയും പെരിയയില്‍ നല്‍കി. ഈ സ്ഥലത്തിന്റെ മധ്യത്തില്‍ പട്ടികവര്‍ഗവിഭാഗത്തിലെ 13 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 310 ഏക്കറിനുപുറമെയുള്ള 22 ഏക്കര്‍ സ്ഥലം അവരുടെ ഭൂമിയാണ്. ഇത് കാണാതെയാണ് കേന്ദ്ര സര്‍വകലാശാലയ്ക്കുള്ള സ്ഥലത്തിന് അപേക്ഷ നല്‍കിയത്.

കേന്ദ്രസര്‍വകലാശാല തുടങ്ങുന്നതിന് ഇത് തടസമാണെന്നാണ് സര്‍വകലാശാല വിദഗ്ധ സമിതി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 13 കുടുംബങ്ങളുടെ അനുമതിയോടെയും തൃപ്തിയോടെയുമുള്ള പുനരധിവാസം സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും നിലവിലുള്ള കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനും ആവശ്യമായ ചെലവ് നിര്‍ണയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍വകലാശാലയ്ക്കുള്ള സ്ഥലം കൈമാറ്റം. എന്നാല്‍ പദ്ധതികള്‍ക്ക് ഏറ്റെടുത്ത ഭൂമി മൂന്നു വര്‍ഷത്തിനകം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് തിരിച്ചെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ മെരിറ്റ് പരിശോധിച്ചായിരിക്കും സ്ഥലം അനുവദിക്കുകയെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.

വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായതിനാല്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെയുള്ള പി.സി. ജോര്‍ജിന്റെ പരമാര്‍ശങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.