എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.യു സംസ്ഥാന സമ്മേളനത്തിന് തിരുവഞ്ചൂരിന് ക്ഷണമില്ല
എഡിറ്റര്‍
Thursday 7th November 2013 7:13pm

ksu,thiruvanchoor

കൊല്ലം: കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് സംഘടനയുടെ മുന്‍ സാരഥിയും സംസ്ഥാന അഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ക്ഷണമില്ല.

കൊല്ലത്ത് ഇന്നലെ ആരംഭിച്ച് സംസ്ഥാന സമ്മേളനത്തിലേക്കാണ് തിരുവഞ്ചൂരിന് ബഹിഷ്‌കരണമുണ്ടായിരിക്കുന്നത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ബഹിഷ്‌കരണം.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവഞ്ചൂര്‍ സമ്മേളനം നടക്കുന്ന കൊല്ലത്തുണ്ട്. എന്നിട്ടും മന്ത്രിയെ ക്ഷണിക്കാത്തത് രണ്ട് ജില്ലാ കമ്മറ്റികളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണെന്നാണ് സൂചന.

ക്ഷണം ലഭിക്കാത്തത് കൊണ്ട് തന്നെ സമ്മേളന വേദിക്ക് തൊട്ട് മുന്നിലൂടെ കാറില്‍ പോയെങ്കിലും മന്ത്രി വേദിയിലേക്ക് കയറിയതുമില്ല.

സംഘടനയുടെ പല മുന്‍ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസ്സന്‍ എന്നിവരൊക്കെ ചടങ്ങിനെത്തിയിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ എ.ഐ.സി.സി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, സച്ചിന്‍ പൈലറ്റ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഹമ്മദ് അസഹറുദ്ദീന്‍ എം.പി എന്നിവരും പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തിരിവ് തന്നെയാണ് തിരുവഞ്ചൂരിനെതിരെയുള്ള ബഹിഷ്‌കരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഐ. ഗ്രൂപ്പിന് മേധാവിത്വമുള്ള ജില്ലകളാണ് കണ്ണൂരും പത്തനം തിട്ടയും.

അടുത്തിടെ സംസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങളില്‍ അഭ്യന്തര വകുപ്പിന്റെ  വീഴ്ചക്കെതിരെ ഐ ഗ്രൂപ്പിന്റെ പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം എ ഗ്രൂപ്പിനകത്ത് തന്നെ ഉയര്‍ന്ന് വരുന്ന ചേരിതിരിവുകളും തിരുവഞ്ചൂരിന്റെ ബഹിഷ്‌കരണത്തിന് കാരണമായിട്ടുണ്ട്.

പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്ന അക്ഷേപം കെ.എസ്.യുവിനുമുണ്ട്. കെ.എസ്.യുവിന്റെ യോഗങ്ങളിലും ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ വിമര്‍ശനമുയരാറുണ്ട്.

Advertisement