എഡിറ്റര്‍
എഡിറ്റര്‍
ഡി.ജി.പിയ്ക്ക് ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ പിന്തുണ: തിരുവഞ്ചൂര്‍
എഡിറ്റര്‍
Monday 21st May 2012 11:52am

കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡി.ജി.പിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

ഡി.ജി.പി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്നാല്‍ ആ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഡി.ജി.പിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നത്. ഡി.ജി.പിയില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഭിന്നതയില്ലെന്നും അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്‌ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നടപടി അനുവദിക്കില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി എത്ര സമയം വേണമെങ്കിലും അന്വേഷണ സംഘത്തിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍ട്ടി ഓഫീസിലെ അംഗത്വപട്ടിക നോക്കിയല്ല അന്വേഷണം നടത്തുന്നത്. പൂര്‍ണ തെളിവോടെ ഒരാളെ പിടിച്ചാല്‍ രാഷ്ട്രീയബന്ധം നോക്കി വിടണമെന്ന് പറയാന്‍ പാടില്ല. അന്വേഷണത്തെ തടസപ്പെടുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 186, 195 എ വകുപ്പുകള്‍ പ്രകാരം എട്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള വേട്ടയാടലിന് തയാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികളെ പിടിച്ചുതരാന്‍ കഴിയുന്ന നാട്ടുകാരുണ്ടെങ്കില്‍ അവര്‍ക്ക് പാരിതോഷികം കൊടുക്കും. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തി ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തില്‍ ആരും ഇടപെടാന്‍ അനുവദിക്കില്ല. അന്വേഷണ സംഘത്തെ പിളര്‍ത്താന്‍ അനുവദിക്കില്ല. അന്വേഷണം സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയുണ്ടെങ്കില്‍ പറയാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ നീക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മരിച്ചവരുടെയും ജീവിക്കുന്നവരുടെയും ചിത്രങ്ങണളുണ്ട്. ജയിലില്‍ ഫോണ്‍ സൗകര്യമൊരുക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തും. വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയുടേതാണെന്ന് പറയുന്നില്ല. ജയിലില്‍ മൊബൈല്‍ സേവനം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

Advertisement