thiruvanchoor and mani, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം.മാണി

ഹരീഷ് വാസുദേവന്‍

Subscribe Us:

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്ന നയം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. ഭൂപരിഷ്‌കരണനിയമ പ്രകാരമുള്ള ഭൂമിയുടെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവിന്‍ തോട്ടങ്ങളെ ഒഴിവാക്കുന്നതും സംസ്ഥാനത്തെ തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ ടൂറിസം ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതുമാണ് പുതിയ നയം. ഫലത്തില്‍ തോട്ടങ്ങളെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് തുണ്ടുവല്‍ക്കരിക്കാനുള്ള നയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം റവന്യൂ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നയംമാറ്റം സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതിന് പകരം പിന്‍വാതിലിലൂടെ പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്. തോട്ട ഭൂമിയില്‍ ടൂറിസം അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രീ.പി.കെ ഗുരുദാസനും മൂന്ന് എം.എല്‍.എ മാരും ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് റവന്യൂ മന്ത്രി സര്‍ക്കാരിന്റെ നയംമാറ്റം ഔദ്യോഗികമായി സഭയെ അറിയിച്ചത്.

മൂന്നാറിലെ ക്ലൌഡ്‌നയന്‍ റിസോര്‍ട്ട്, ഹില്‍ വ്യൂ റിസോര്‍ട്ട്, ഹോളിഡേ ഇന്‍ റിസോര്‍ട്ട് എന്നിവ ധനമന്ത്രി കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്.സര്‍ക്കാരിന്റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്.

‘തോട്ടങ്ങളുടെ മൊത്തം വിസ്തീര്‍ണത്തിന്റെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റു വിനോദസഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുണ്ട്’ എന്നാണ് മന്ത്രി നല്‍കുന്ന മറുപടി. ഈ ആവശ്യത്തിലേക്ക് തോട്ടമുടമകളുടെ കയ്യില്‍ നിന്നും അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. ഈ നയം മാറ്റത്തോടെ 24,000-ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍ നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. അടിസ്ഥാനമേഖലയില്‍ ഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നയം മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതം രൂക്ഷമായിരിക്കും.

ഈ നിയമഭേദഗതി സംബന്ധിച്ച് ധനമന്ത്രി കെ.എം മാണി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ എം.എല്‍.എമാര്‍ പരസ്യമായി എതിര്‍ത്തിരുന്നു. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ ഭരണകക്ഷി എം.എല്‍.എമാരും നിയമസഭയില്‍ ഈ തീരുമാനത്തെ എതിര്‍ത്തു സംസാരിച്ചിരുന്നു. അന്ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ധനമന്ത്രിയുടെ നിലപാടിനെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു.

പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തു പ്രതിപക്ഷത്തിന്റെ കൂടി സമവായത്തോടെയേ ഇത് സംബന്ധിച്ച ഭേദഗതി ഉണ്ടാവൂ എന്നാണ് ജൂലൈ 19ന് നിയമസഭയ്ക്ക് റവന്യൂമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ , ഒരു ചര്‍ച്ചയുമില്ലാതെ നിയമഭേദഗതി പോലുമില്ലാതെ കെ.എം.മാണി പറഞ്ഞ നയങ്ങള്‍ സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കുകയാണ് റവന്യൂമന്ത്രി ചെയ്തിരിക്കുന്നത്.

സമവായം സംബന്ധിച്ച് നിയമസഭയ്ക്ക് തിരുവഞ്ചൂര്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാഴായത്. മുന്നണിയിലോ പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ‘കോണ്‍ഗ്രസില്‍ ഈ നയം മാറ്റത്തെ പറ്റി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. തോട്ടങ്ങളെയും കൃഷിഭൂമികളെയും എന്ത് പേരിലായാലും കോണ്‍ക്രീറ്റ് വനമാക്കുന്ന നടപടിയെ ശക്തമായി എതിര്‍ക്കും’- ടി.എന്‍ പ്രതാപന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ നയം മാറ്റം. ഇതോടെ കശുമാവ് അധികമായി വളരുന്ന സ്ഥലങ്ങളില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാന്‍ ആര്‍ക്കും കഴിയും. മാത്രമല്ല, തോട്ടങ്ങളില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ പണിയാമെന്ന നിയമം വഴി തോട്ടങ്ങള്‍ തുണ്ടുവല്‍ക്കരിക്കപ്പെടുകയും അത് ആയിരക്കണക്കിന് ഏക്കറിലെ കൃഷി കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്ത് ത്തോട്ടം എന്ന നിലയില്‍ 4,88,138 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് അതേ ചോദ്യത്തിന് ഉത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം മാറ്റത്തോടെ അതിന്റെ അഞ്ച് ശതമാനമായ 24000 ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്.

നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ ഈ നയംമാറ്റം സര്‍ക്കാരിന് ദോഷം ചെയ്യും. മൂന്നാറിലെ നൂറിലേറെ റിസോര്‍ട്ടുകള്‍കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് അവര്‍ കൃഷിക്കായി നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന കാരണത്താല്‍ ആണ്. നെല്ലിയാമ്പതിയിലെ ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമിയും ടൂറിസം നടത്തിയതിന്റെ പേരില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കേസിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി പൊതുസമൂഹത്തിനു അന്യാധീനപ്പെടാനുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയം വഴിവെക്കുക.

മൂന്നാറിലെ ക്ലൌഡ്‌നയന്‍ റിസോര്‍ട്ട്, ഹില്‍ വ്യൂ റിസോര്‍ട്ട്, ഹോളിഡേ ഇന്‍ റിസോര്‍ട്ട് എന്നിവ ധനമന്ത്രി കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്. മാണി ബജറ്റ് പ്രസംഗത്തില്‍ ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയപ്പോള്‍ തന്നെ മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള റിസോര്‍ട്ടും വാര്‍ത്തയായിരുന്നു. സര്‍ക്കാരിന്റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്. കെ.എം മാണിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു റവന്യൂ മന്ത്രിയും സര്‍ക്കാരും അടിയറവു പറയുന്ന കാഴ്ചയാണ് ഇതോടെ കാണാനാവുന്നത്. ഈ നയവ്യതിയാനത്തോടുകൂടി നിയമസഭയ്ക്ക് റവന്യൂമന്ത്രി നേരത്തെ നല്‍കിയ വാക്ക് പാഴ്‌വാക്കായതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ വിവാദങ്ങളിലെക്കാവും സര്‍ക്കാരിനെ നയിക്കുക.

farmland to tourism, thiruvanchoor radhakrishnan cheats