തിരുവനന്തപുരം: മണിയുടേത് നാടന്‍ ശൈലിയെന്നു പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയുടെ പരാമര്‍ശത്തെ നാടന്‍ ശൈലിയെന്നു പറഞ്ഞ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായാണ് തിരുവഞ്ചൂര്‍ സഭയില്‍ ഇങ്ങനെ പറഞ്ഞത്.

Subscribe Us:

തിരുവഞ്ചൂര്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി മണിയുടേത് നാടന്‍ ശൈലിയാണെന്നു പറഞ്ഞത്. മണിയുടെ പ്രസംഗത്തെ എതിരാളികള്‍ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചിരുന്നു.


Don’t Miss: ‘അയ്യോ വയ്യേ മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ…’ മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഷൂട്ടിങ് ലോക്കേഷനില്‍ അലന്‍സിയറുടെ പ്രതിഷേധം 


ഇതിനു മറുപടിയെന്നോണമായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. ‘ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുത്. അവിടെയുള്ളവര്‍ ഓടിപ്പോകും’ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അടക്കമുള്ളവര്‍ക്കെതിരെയും മോശം പരാമര്‍ശങ്ങള്‍ നടത്തി. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടുനടക്കുന്നുവെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

എം.എം മണിയുടെ പരാമര്‍ശവും മൂന്നറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഗൂഢശ്രമം നടന്നു. ഇതിന്റെ ഭാഗമായിരുന്നു മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും മോശമായി പറയുന്ന മണി പ്രാകൃതനാണ്. മണിയുടെ പ്രസംഗം ഒട്ടും അന്തസുളളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.