എഡിറ്റര്‍
എഡിറ്റര്‍
നാല് വര്‍ഷം ഡോക്ടറായി സേവനം; മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ വ്യാജ ഡോക്ടര്‍ പിടിയില്‍
എഡിറ്റര്‍
Thursday 23rd February 2017 9:55am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വ്യാജ ഡോക്ടര്‍ പിടിയിലായി. കല്ലറ സ്വദേശിനിയായ 24 കാരി ആര്യയാണ് പിടിയിലായത്. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ നാല് വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പിജി വിദ്യാര്‍ത്ഥിനിയാണെന്ന വ്യാജേന കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു ഇവര്‍.

അനസ്‌തേഷ്യ വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണെന്നാണ് ഇവര്‍ മറ്റുള്ളവരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പ് ഇതേ മുറിയില്‍ വെച്ച് ഒരു പിജി ഡോക്ടറുടെ ബാഗില്‍ നിന്നും 2000 രൂപ നഷ്ടപ്പെട്ടിരുന്നു. ആ സമയം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവതി അവിടെ ഉണ്ടായിരുന്നു. യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പിജി ഡോക്ടറാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകായിരുന്നു.


Dont Miss ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ കൊണ്ടുവരും 


തുടര്‍ന്ന് ഇന്നലെയും ഈ മുറിയില്‍ യുവതിയെ കണ്ടപ്പോള്‍ നഴ്‌സ്‌ചോദ്യം ചെയ്തതോടെയാണ് കള്ളിവെളിച്ചത്തായത്. അനസ്‌തേഷ്യക്കാര്‍ക്ക് കാഷ്വാലിറ്റിയില്‍ എന്തുകാര്യം എന്ന് ചോദിച്ച നഴ്‌സിനോട് ഇവര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പിജി ഡോക്ടര്‍മാര്‍ സുരക്ഷാ വിഭാഗത്തെ കാര്യം അറിയിച്ചു.

പൊലീസെത്തി കാര്യം അന്വേഷിച്ചപ്പോള്‍ പിജി ഡോക്ടറാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അതിന് അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുപോയി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് യുവതി വ്യാജ ഡോക്ടറാണെന്ന കാര്യം സമ്മതിച്ചത്.

യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡ് പത്ത് കേസ് ഷീറ്റുകള്‍ സ്‌റ്റെതസ്‌കോപ്പ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു.
പതിനായിരം രൂപ വിലയുള്ള വിദേശ നിര്‍മിത സ്റ്റെതസകോപ്പ് മോഷ്ടിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ നിന്ന് പണം മോഷ്ടിച്ചതായും സംശയമുണ്ട്. നഴ്സിംഗ് ബിരുദധാരിയായ ആര്യക്കെതിരെ മോഷണം, വഞ്ചനാകുറ്റം തുടങ്ങിയവക്ക് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

 

ഫോട്ടോ: കൈരളി

Advertisement