തിരുവനന്തപുരം: തലസ്ഥാനനഗരിയിലേക്ക് നടന്നതെരഞ്ഞെടുപ്പില്‍ പലപ്രമുഖരും തോറ്റു. സി.പി.ഐ.എം.ജില്ലാസെക്രട്ടറിയേറ്റ് അംഗവും തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഡെപ്യൂട്ടിമേയറായി പരിഗണിച്ചിരുന്ന കെ.സി.വിക്രമനാണ് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍. നെട്ടയം സീറ്റില്‍ ബി.ജെ.പി.സ്ഥാനാര്‍ഥിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

മുസ്‌ലീം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി ബീമാപ്പള്ളി റഷീദാണ് യു.ഡി.എഫ്.സ്ഥാനാര്‍ഥികളില്‍ തോറ്റപ്രമുഖന്‍. ബീമാപള്ളി ഈസ്റ്റില്‍ സി.പി.ഐ.എമ്മിലെ മുഹമ്മദ് ഇക്ബാലാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.സിറ്റിംങ് കൗണ്‍സിലറും മുന്‍മേയറുടെ ഭാര്യയുമായ ഐഷാബെക്കര്‍ മൂന്ന് വോട്ടിന് കോണ്‍ഗ്രസിലെ മേരിപുഷ്പത്തോട് അടിയറവ് പറഞ്ഞു.

പുത്തന്‍പള്ളി വാര്‍ഡില്‍ മത്സരിച്ച മുസ്‌ലീം ലീഗിലെ കെ.എന്‍.എ.ഖാദര്‍ സി.പി.ഐ.എമ്മിലെ സലീമിനോട് പരാജയപ്പെട്ടു. സി.പി.ഐ.എം.നേതാവും സിറ്റിംഗ് കൗണ്‍സിലറുമായ വഴുതക്കാട് നരേന്ദ്രന്‍ തോററു. കെ.പി.സി.സി.അംഗവും രണ്ടുതവണ കൊണ്‍സിലറുമായിരുന്ന വഞ്ചിയൂര്‍ മോഹന്‍ ശ്രീകണ്‌ഠേശ്വരത്ത് തോറ്റു. ബി.ജെ.പി.സ്ഥാനാര്‍ഥി രാജേന്ദ്രന്‍ നായരാണ് ഇവിടെ വിജയിച്ചത്.

കേസവദാസപുരത്ത് സിറ്റിംഗ് കൊണ്‍സിലറായ മാലി വിനോദ് കുമാര്‍ പരാജയപ്പെട്ടു. സി.പി.ഐ.എം.സ്വതന്ത്രനായാണ് ഇദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിലെ ജോര്‍ജ്ജ് ലൂയിസാണ് മാലി വിനോദ്കുമാറിനെ പരാജയപ്പെടുത്തിയത്. മുതിര്‍ന്ന സി.പി.ഐ.എം.നേതാവ് സുന്ദരംപിള്ള കുര്യാത്തിയില്‍ ബി.ജെ.പി.യിലെ വി.മോഹന്‍നായരോട് തോറ്റു.

കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം എസ്.എഫ്.ഐ.സംസ്ഥാനനേതാവായിരുന്ന എം.പി. റസല്‍ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പരാജയപ്പെട്ടു.കഴിഞ്ഞ കൗണ്‍സിലിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായിരുന്ന കേരള കോണ്‍ഗ്രസിന്റെ സതീഷ് കുമാര്‍, ആര്‍എസ്പിയുടെ എം.എസ്. ശോഭിത എന്നിവരും പരാജയപ്പെട്ടു.