തിരുപ്പതി: അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡി സമ്മാനിച്ച വജ്രം പതിച്ച സ്വര്‍ണകിരീടം തിരികെ നല്‍കില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പാണ് ജനാര്‍ദ്ദന റെഡ്ഡി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് സ്വര്‍ണ കിരീടം നല്‍കിയത്. ജനാര്‍ദ്ദന റെഡ്ഡി അഴിമതിക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അദ്ദേഹം ക്ഷേത്രത്തിന് സമര്‍പ്പിച്ച സ്വര്‍ണ കിരീടം തിരികെ നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്ന പശ്ചാത്തലത്തിലാണ് ട്രസ്റ്റിന്റെ അറിയിപ്പ്.
ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ ഒരു സാഹചര്യത്തിലും തിരിച്ചുനല്‍കേണ്ടെന്നാണ് ട്രസ്റ്റിന്റെ നിലാപടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എല്‍. വി. സുബ്രഹ്മണ്യന്‍ പറഞ്ഞു. 2009ലാണ് ജനാര്‍ദ്ദന റെഡ്ഡി രണ്ട് അടി ഉയരവും 30 കിലോ തൂക്കവുമുള്ള സ്വര്‍ണ കിരീടം ക്ഷേത്രത്തിന് സമ്മാനിച്ചത്.