ലണ്ടന്‍: ഇന്ത്യാഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം നേരത്തെ നിശ്ചയിച്ചപ്രകാരം എഡ്ജ്ബാസ്റ്റണില്‍ ബൂധനാഴ്ച തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ലണ്ടനില്‍ വ്യാപിക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് മാറ്റി വയ്ക്കാന്‍ സാധ്യതയുണ്ടെന്ന അഭൂഹങ്ങള്‍ക്കിടെയാണ് മത്സരം മാറ്റിവക്കില്ലെന്ന് സംഘാടകരായ വാര്‍ക് വിക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് പത്രകുറിപ്പില്‍ അറിയിച്ചത്.

ബുധനാഴ്ചത്തെ മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. മത്സരം നടത്തുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട് ക്രിക്കറ്റ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

അതിനിടെ ലണ്ടനില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന ഇംഗ്ലണ്ട് ഹോളണ്ട് സൌഹൃദ ഫുട്‌ബോള്‍ മത്സരം റദ്ദാക്കിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഡച്ച് ടീം ലണ്ടനിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ട് മൂന്‍പാണ് മത്സരം റദ്ദാക്കിയതായി അറിയിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ നോട്ടീസിറക്കിയത്. ഇതേതുടര്‍ന്നാണ് മൂന്നാം ടെസ്റ്റ് ഉള്‍പ്പടെയുള്ള പലമത്സരങ്ങളും മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹം പരന്നത്.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെയ്പില്‍ യുവാവ് മരിച്ചതിനെതുടര്‍ന്ന ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണമായത്.  കലാപത്തിനിടെ പോലീസ് സ്‌റ്റേഷനു സമീപമുള്ള കെട്ടിടങ്ങളും കാറും ഒരു ഡബിള്‍ ഡക്കര്‍ ബസും ജനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.