ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ബോംബാക്രമണം നടത്തുമെന്ന ഭീഷണിയുമായി മൂന്നാമതൊരു ഇ മെയില്‍ കൂടി ലഭിച്ചു. ഒരു സ്വകാര്യ മാധ്യമത്തിനാണ് ഇ-മെയില്‍ ലഭിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നതെന്നാണ് വിവരം. യാഹൂ അക്കൗണ്ടില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാഹുവിനോട് മെയിലിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളായ ഇന്ത്യന്‍ മുജാഹിദീനും ഹുജിയും ഇ മെയില്‍ അയച്ചിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഇന്ത്യന്‍ മുജാഹിദീന്റെ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഇത് ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. അടുത്ത പദ്ധതി ഷോപ്പിങ് മാളില്‍ സ്‌ഫോടനം നടത്തുകയെന്നതാണ്. ചൊവ്വാഴ്ച ഇത് നടപ്പിലാക്കും. സാധിക്കുമെങ്കില്‍ ഇത് തടയാനും ഇന്ത്യന്‍ മുജാഹിദീന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ലഭിച്ചിട്ടുള്ള ഇ-മെയില്‍ സന്ദേശത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം അറിയിച്ചിട്ടുണ്ട്. ഇ-മെയില്‍ സന്ദേശം അയച്ചത് ബംഗാളില്‍ നിന്നാണെന്ന് എന്‍. ഐ. എ വ്യത്തങ്ങള്‍ അറിയിച്ചു.

ഹുജിയുടെ പേരില്‍ അയച്ച ഇ മെയില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇ മെയില്‍ അയച്ച സൈബര്‍ കഫെയുടെ ഉടമയേയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണ്.