ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതേവരെയുള്ള മൂന്ന് ടെസ്റ്റുകളിലും തോറ്റ ഇന്ത്യ അത്യന്തം മോശം പ്രകടനമാണ് കാഴ്ചവച്ച് കൊണ്ടിരിക്കുന്നതെന്നും ടീമിനെ കാത്തിരിക്കുന്നത് ഇതിലും വലിയ തിരിച്ചടികളാണെന്നും മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഇയാന്‍ ചാപ്പല്‍.

ഇംഗ്ലണ്ടില്‍ നാണംകെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്. ഉടനെ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകും ചാപ്പല്‍ പറഞ്ഞു.ഇന്ത്യയുടെ ഇപ്പോഴത്തെ തകര്‍ച്ചക്ക് കാരണം മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക പ്രായമേറിവരുന്നത് സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിച്ചതും ഒരു മികച്ച ഓഫ് സ്പിന്നറുടെ അഭാവവും നിലവാരമില്ലാത്ത ഫീല്‍ഡിങ്ങുമാണ്.

ധോനിയുടെ തന്ത്രപരമായ ക്യാപ്റ്റന്‍സിയും വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങും സഹീര്‍ ഖാന്റെ മികച്ച ബൗളിങ്ങും കൊണ്ടാണ് ഇന്ത്യ ഇത്രയും കാലം ഈ പോരായ്മകളെ മറച്ച് പിടിച്ചത്. ടീമിന്റെ ബഞ്ച് കരുത്തിന് ശക്തിപകരുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങുമ്പൊഴേയ്ക്കും ഇന്ത്യ മൂന്നാം റാങ്കിലെത്തുമെന്നും ചാപ്പല്‍ പറഞ്ഞു.

കമന്റേറ്ററും മുന്‍ ഇംഗ്ലണ്ട് താരവുമായിരുന്ന ടോണി ഗ്രഗും ഇന്ത്യന്‍ ടീമിന്റെ നാണം കെട്ട തോല്‍വിക്ക ഉത്തരവാദികള്‍ സെലക്ടര്‍മാരാണെന്ന് പറഞ്ഞു.