തിരുവനന്തപുരം: അമ്മയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മമ്മൂട്ടി തയ്യാറാകണമെന്ന് നടന്‍ തിലകന്‍. എന്നാല്‍ തിലകന്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ താന്‍ തയാറല്ലെന്നു മമ്മൂട്ടി വ്യക്തമാക്കി. തിലകന്‍ വിഷയത്തില്‍ അമ്മയുടെ തീരുമാനം നാളെ വരാനിരിക്കെയാണ് താരങ്ങളുടെ പ്രസ്താവന. അമ്മയുടെ നോട്ടീസിന് മറുപടി പറയാന്‍ കഴിയില്ലെന്നും മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നുമായിരുന്നു തിലകന്റെ നിലപാട്.

എന്നാല്‍ തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രം നടപ്പാകില്ലെന്ന് മമ്മൂട്ടി പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധി തനിത്തുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുമാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളു. അമ്മ ആവശ്യപ്പെട്ടാല്‍ പോലും ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ കഴിയില്ലെന്നും മമ്മൂട്ടി അറിയിച്ചു.

Subscribe Us:

തിരുവനന്തപുരത്തുളള ഓഫീസിലെത്തി അച്ചടക്കസമിതിമുമ്പാകെ വിശദീകരണം നല്‍കണമെന്നാണ് താരസംഘടനയായ അമ്മ തിലകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പുറത്താക്കാനാണ് സാധ്യത. സംഘടനയില്‍ നില്‍ക്കണമെങ്കില്‍ ഇതുവരെ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണം. അമ്മയോടും അംഗങ്ങളോടും ക്ഷമ ചോദിക്കണം.നാളെ ഉച്ചക്ക് രണ്ടരവരെയാണ് സമയം. എന്നാല്‍ അമ്മയുടെ അന്ത്യശാസനത്തിന് വഴങ്ങില്ലെന്നാണ് തിലകന്‍ പറയുന്നത്. യഥാര്‍ത്ഥ കാരണങ്ങളല്ല അവര്‍ അന്വേഷിക്കുന്നത്.. അച്ചടക്കസമിതി മറ്റൊരു കെണിയാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു.