റിയാദ്: ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കില്‍ തനിക്ക് ചിലപ്പോള്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് ഭയന്നാണ് പടത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്തുചാടിച്ചതെന്ന് തിലകന്‍.  റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് തിലകന്‍ ഇക്കാര്യം അറിയിച്ചത്.

ഡാം 999ല്‍ തുടക്കത്തില്‍ തിലകനെയാണ് പ്രധാന കഥാപാത്രമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിലകനും സിനിമ സംഘടനകളുമായുള്ള വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

സിനിമയില്‍ താനിപ്പോള്‍ സജീവമാണെങ്കിലും താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ല. സിനിമയില്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം.  എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നത് മാത്രമാണ് ഇപ്പോഴത്തെ കലാകാരന്‍മാരുടെ ചിന്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനടന്‍മാര്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും തിലകന്‍ പറഞ്ഞു. ഇവര്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English